മസ്കത്ത്: 2024ലെ അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി സൂറിനെ തെരഞ്ഞെടുത്തതിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് ഒരുങ്ങി അധികൃതർ. തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസ് പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെ വിവിധ പരിപാടികളും ഇവന്റുകളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
സൂറിന്റെ വിനോദസഞ്ചാരവും സൗന്ദര്യാത്മകവും വികസന ഘടനയും മെച്ചപ്പെടുത്തുന്നതിന് നിരവധി പദ്ധതികൾ നടപ്പിലാക്കും. ദോഹയിൽ നടന്ന അറബ് ടൂറിസം മന്ത്രിതല സമിതിയുടെ 26ാമത് സമ്മേളനത്തിലാണ് സൂറിന് വിശിഷ്ട അംഗീകാരം ലഭിച്ചത്.
ടൂറിസം മേഖലയിലെ ഉപരിതല സൗകര്യം, ടൂറിസം പദ്ധതികളിലുള്ള വൈവിധ്യങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിന് കാണിക്കുന്ന നിർദേശങ്ങൾ, ചരിത്രപരവും സാംസ്കാരികവുമായ സുഭിക്ഷിത, വിവിധ കാലഘട്ടങ്ങളിലെ പുരാവസ്തു കേന്ദ്രങ്ങൾ സംരക്ഷിക്കൽ, ഇത്തരം സൈറ്റുകളുടെ എണ്ണം, യുെനസ്കോ പുരാവസ്തു പട്ടികയിൽ ഇടം പിടിച്ച കേന്ദ്രങ്ങളുടെ എണ്ണം, ബീച്ചുകൾ, താഴ്വരകൾ, നീരൊഴുക്കുകൾ, ഗുഹകൾ തുടങ്ങിയ രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് സൂറിന് ഈ അംഗീകാരം ലഭിക്കുന്നത്.
ഈ പദവി പുരാതന വിലായത്തിന്റെ വിനോദസഞ്ചാര ആകർഷണം വർധിപ്പിക്കുന്നതിനും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും അതിന്റെ വിനോദസഞ്ചാര സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനും ഉപയോഗപ്രദമാകുമെന്ന് പൈതൃക ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു
വിലായത്തിലെ തിവി നിയാബത്തിലെ വാദി ഷാബ് പ്രദേശം വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിക്കും. നിരവധി ടൂറിസ്റ്റ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള കൺസൾട്ടൻസി പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അറബ് ടൂറിസം 2024ന്റെ തലസ്ഥാനമായി സൂറിനെ തെരഞ്ഞെടുത്തത് ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, സൂറിലെ മാരിടൈം ഹിസ്റ്ററി മ്യൂസിയം വികസിപ്പിക്കുന്നതിന് കൺസൾട്ടൻസി സേവനങ്ങൾ നൽകും.
രണ്ടു വർഷത്തിനകം പൂർത്തിയാകുമെന്നാണ് കരുതുന്നത്. ലോക പൈതൃക സ്ഥലമായ ഖൽഹാത്ത് പുരാവസ്തു സൈറ്റിൽ സന്ദർശക കേന്ദ്രം സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. റാസ് അൽ ഹദ്ദ്, റാസ് അൽ ജിൻസ് സൈറ്റുകൾ ഉൾപ്പെടെ സൂറിലെ വിലായത്തിലെ പുരാവസ്തു സ്ഥലങ്ങളിൽ പുരാവസ്തു സർവേ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സൂറിന് സമ്പന്നമായ ചരിത്രപരവും സാംസ്കാരികവും സാമൂഹികവുമായ പൈതൃകവും ഉൾക്കൊള്ളുന്ന ഘടകങ്ങൾ ഉണ്ടെന്ന് തെക്കൻ ശർഖിയ ഗവർണർ ഡോ. യഹ്യ ബിൻ ബദർ അൽ മവാലി പറഞ്ഞു. സുൽത്താനേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സൂർ.
ഈ വർഷത്തെ അറബ് ടൂറിസത്തിന്റെ തലസ്ഥാനമെന്ന പദവി ഈ പുരാതന നഗരത്തിന് അറബ് ടൂറിസം ഭൂപടത്തിൽ കൂടുതൽ സ്ഥാനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിലായത്തിന്റെ സവിശേഷതയായ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും ഒരു നല്ല പാക്കേജ് തയാറാക്കുന്നതിന് പൈതൃക, ടൂറിസം മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം ആരംഭിച്ചിട്ടുണ്ട്. ആഘോഷത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഗവർണറുടെ ഓഫിസ് വരും ദിവസങ്ങളിൽ വാർത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു