കോഴിക്കോട്: കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടെന്നും, അതിനാല്‍ സന്താനോത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.
മിക്ക ഹിന്ദു- ക്രിസ്ത്യൻ വീടുകളില്‍ ഏറിവന്നാല്‍ ഒരു കുട്ടിയാണുള്ളത്. അതിലൂടെ കേരളത്തിലെ ജനസംഖ്യ നേര്‍പകുതിയായി. എന്നാല്‍ ഇസ്ലാമിക ഗൃഹങ്ങളില്‍ ആറ് മക്കളാണുള്ളത്. അവിടെ ജനസംഖ്യ മൂന്നിരട്ടിയായി കൂടുകയാണെന്നും ഹിന്ദുവിനും ക്രിസ്ത്യാനിക്കും പകുതിയായി കുറയുകയാണെന്നും ചിദാനന്ദപുരി പറയുന്നു. സ്വാമി ചിദാനന്ദപുരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് സന്താനോത്പാദനത്തെ പറ്റി പറയുന്നത്.
ഇന്ന് ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാൻ പോലും തയ്യാറാവാത്ത ഒരു അവസ്ഥയുണ്ട്. കല്യാണം കഴിച്ചാലും പ്രസവിക്കാൻ തയാറല്ല എന്ന് പറയുന്നവരുമുണ്ട്. ഇത്തരത്തില്‍ നൂറ് കണക്കിന് കേസുകള്‍ ആശ്രമത്തില്‍ വരാറുണ്ട്. അതിനൊപ്പം കല്യാണമെന്ന വ്യവസ്ഥയെ തന്നെ എതിര്‍ക്കുന്ന ഒരു സമൂഹവും ഹിന്ദു -ക്രിസ്ത്യൻ വീടുകളില്‍ വളര്‍ന്നുവരുന്നുണ്ട്. ലിവിങ്ങ് ടുഗദര്‍ പോരെ എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്. വിവാഹവും സന്താനോത്പാദനവുമാണ് മുഖ്യമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ആ ഒരു ധാരണ നമ്മുടെ മക്കള്‍ക്ക് കൊടുത്തേ മതിയാവു. അതിലൂടെ നമ്മുടെ ധര്‍മത്തിന്റെ പിന്തുടര്ച്ചയുണ്ടാകു എന്ന് മനസിലാക്കണമെന്നും ചിദാനന്ദപുരി പറയുന്നു.
അയല്‍ രാജ്യമായ ചൈന എല്ലാകാര്യത്തിലും നമ്മളേക്കാള്‍ മുന്നിലാണ്. പക്ഷെ അറുപത് കഴിഞ്ഞവരാണ് അവരുടെ സമൂഹത്തില്‍ ഭൂരിഭാഗവും. സമൂഹത്തെ നാളെ മുന്നോട്ട് നയിക്കാൻ ചെറുപ്പക്കാരില്ലാത്ത അവസ്ഥയാണവര്‍ക്കുള്ളത്. സാങ്കേതിക മികവില്‍ ലോകത്തെ ഞെട്ടിച്ച ജപ്പാനിലും വൃദ്ധൻമാരാണ് കൂടുതലുള്ളത്. ചെറിയ ഒരു ശതമാനം മാത്രമെ ചെറുപ്പക്കാറുള്ളു. അതെ അവസ്ഥ ഇവിടെയുണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് സന്താനോത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ഹിന്ദു- ക്രിസ്ത്യൻ സമൂഹങ്ങളെ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു