അഹമ്മദാബാദ്: ഡ്രൈവറും മറ്റു യാത്രക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചതോടെ, ഓടുന്ന ട്രക്കില്‍നിന്ന് എടുത്തുചാടി ആറ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍. ഗുജറാത്തിലെ ഛോട്ടാഡെപുര്‍ ജില്ലയിലാണ് സംഭവം. വിദ്യാര്‍ഥിനികള്‍ എടുത്തുചാടിയതോടെ ട്രക്ക് ഡ്രൈവര്‍ സുരേഷ് ബില്ലിന്റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം മറിയുകയും ചെയ്തതായി ജില്ല പൊലീസ് സൂപ്രണ്ട് ഇംതിയാസ് ഷെയ്ഖ് പറഞ്ഞു. പ്രതികളിലൊരാളായ വാഹന ഉടമ അശ്വിൻ ഭില്ലിനെ അപകടശേഷം സംഭവസ്ഥലത്ത് നിന്ന് പിടികൂടി.
15 മുതല്‍ 17 വരെ വയസ്സുള്ള പെണ്‍കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് ചെറിയ പരിക്ക് മാത്രമാണ് സംഭവിച്ചത്. ഇവരുടെ പണവും സാധനങ്ങളും അക്രമികള്‍ തട്ടിയെടുത്തായും പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോക്സോ, കവര്‍ച്ച തുടങ്ങിയ കേസുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഡ്രൈവര്‍ സുരേഷ് ഭില്‍, അര്‍ജുൻ ഭില്‍, പരേഷ് ഭില്‍, സുനില്‍ ഭില്‍, ഷൈലേഷ് ഭില്‍ എന്നിവരെ ഇനിയും പിടികൂടാനുണ്ട്.
ഛോട്ടാഡെപുര്‍ ജില്ലയിലെ സംഖേദ താലൂക്കിലെ ഗ്രാമീണ റോഡിലാണ് സംഭവം. സംഖേദ താലൂക്കിലെ ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ താമസിക്കുന്നത്. ഇവരുടെ വീട്ടില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍. ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്താൻ പിക്കപ്പ് ട്രക്കില്‍ കയറുകയായിരുന്നു ഇവര്‍. യാത്രക്കിടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ സുരേഷും മറ്റുള്ളവരും ചേര്‍ന്ന് ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ പെണ്‍കുട്ടികള്‍ വാഹനത്തില്‍നിന്ന് എടുത്തുചാടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോടെ വാഹനം തലകീഴായി മറിയുകയായിരുന്നു. ഇതിനിടയില്‍ അഞ്ച് പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പരിക്കേറ്റ അശ്വിൻ ഭില്ലിന് രക്ഷപ്പെടാൻ സാധിച്ചില്ല. നിസാര പരിക്കേറ്റ പെണ്‍കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായും പൊലീസ് പറഞ്ഞു.