ഇന്ത്യയുടെ ഒഎൻജിസി വിദേശിന് ഓയിൽ നൽകാൻ വെനസ്വേല സമ്മതിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട്. ഓയിൽ പ്രോജക്റ്റിലെ ഓഹരികൾക്ക് 600 മില്യൺ ഡോളർ ലാഭവിഹിതമെന്ന നിലയിലായിരിക്കും ഒഎൻജിസിക്ക് ലാറ്റിൻ അമേരിക്കൻ രാജ്യം വെനസ്വേല ഓയിൽ നൽകുന്നതെന്ന് കേന്ദ്ര ഓയിൽ മന്ത്രാലയ സെക്രട്ടറി പറഞ്ഞു. ALSO READ വെനിസ്വേലിയൻ ഓയിൽ ഇറക്കുമതി പുന:രാരംഭിച്ച് ഇന്ത്യ
കഴിഞ്ഞ വർഷം തെക്കേ അമേരിക്കൻ രാജ്യത്തിന്മേലുള്ള യുഎസ് ഉപരോധം ലഘൂകരിച്ചതിനെ തുടർന്നാണ് ഇന്ത്യൻ ഓയിൽ കമ്പനികൾ വെനസ്വേലൻ എണ്ണ വാങ്ങുന്നത് പുനരാരംഭിച്ചത്. കിഴക്കൻ വെനസ്വേലയിലെ ഒറിനോകോ ഹെവി ഓയിൽ ബെൽറ്റിലെ സാൻ ക്രിസ്റ്റോബൽ ഫീൽഡിലെ വെനസ്വേലയുടെ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പിഡിവിഎസ്എയിൽ ഇന്ത്യയിലെ മുൻനിര പര്യവേക്ഷകരായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ വിദേശ നിക്ഷേപ വിഭാഗം ഒ എൻ ജി സി വിദേശ് (ഒവി എൽ) 40 ശതമാനം ഓഹരികളുണ്ട്.
“ഒവിഎലിന്റെ ലാഭവിഹിത കുടിശ്ശികയ്ക്ക് പകരം ഞങ്ങൾക്ക് കുറച്ച് ഓയിൽ നൽകാൻ അവർ സമ്മതിച്ചു. ഓയിൽ കാർഗോകൾ ഞങ്ങൾ കാത്തിരിക്കുകയാണ്” ഓയിൽ മന്ത്രാലയ സെക്രട്ടറി പങ്കജ് ജെയിൻ ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ലാഭവിഹിതമെന്നതിന് പകരമായി പിഡിവിഎസ്എ വഴി എണ്ണ അനുവദിക്കുന്നതുൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് കമ്പനി ഇമെയിലിൽ റോയിട്ടേഴ്സിനോട് പറഞ്ഞു. സാൻ ക്രിസ്റ്റോബൽ പ്രോജക്റ്റ് ഒവിഎലിന് ഏകദേശം 600 മില്യൺ ഡോളർ ലാഭവിഹിതം നൽകാനുണ്ടെന്ന് ഒവിഎൽ കമ്പനി അറിയിച്ചു.
അമേരിക്കൻ ഉപരോധം ലഘൂകരിച്ചതിന് ശേഷം ലാഭവിഹിതത്തിന് പകരം ക്രൂഡ് കാർഗോകൾ അനുവദിക്കുന്നതുൾപ്പെടെയുള്ള വിവിധ സംവിധാനങ്ങളിലൂടെ ലാഭവിഹിതം വീണ്ടെടുക്കുന്നതിനായി ഒവിഎൽ പിഡിവിഎസ്എയുമായി തുടർച്ചയായ സംഭാഷണത്തിലാണെന്നും ഒവിഎൽ അധികൃതർ പറയുന്നു.