തൊടുപുഴ: ഇടുക്കിയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. തന്റെ പുതിയ ചിത്രമായ ഓസ്ലാര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപ ഇവര്‍ക്ക് നല്‍കുമെന്ന് ജയറാം അറിയിച്ചു. രാവിലെ പത്തരയ്ക്ക് വെള്ളിമറ്റത്തെ വീട്ടിലെത്തിയാണ് ജയറാം പണം നല്‍കുക.
അടുത്ത മാസം പതിനൊന്നിന് ഓസ്ലാറിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ തുകയാണ് കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയ്ക്കും മാത്യുവിനും നല്‍കുക. ഇരുപത് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തുന്ന ആളാണ് താനെന്ന് ജയറാം പറഞ്ഞു. അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാം. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിലൊക്കെ താന്‍ തന്റെ ഫാമിലാണ് സമയം ചെലവഴിക്കുക.
2005 ലും 2012 ലും കേരള സര്‍ക്കാറിന്റെ ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം എനിക്ക് ലഭിച്ചിട്ടുണ്ട്. ആറേഴ് വര്‍ഷം മുന്‍പ് ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ 24 പശുക്കളാണ് ഒരു ദിവസം ഏതാനും സമയത്തിനുള്ളില്‍ ചത്തു പോയത്. നിലത്തിരുന്ന് കരയാനേ സാധിച്ചുള്ളൂ. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ എങ്ങനെയാണെന്നറിയില്ല.
കുട്ടികളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കണം എന്നത് മാത്രമാണ് ലക്ഷ്യം. കേരള ഫീഡ്‌സിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍ കൂടിയാണ്. കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കാലിവളര്‍ത്തുമായി ബന്ധപ്പെട്ട ധാരാളം ക്ലാസുകളൊക്കെ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണിയെല്ലാം നല്ല പിന്തുണയാണ് നല്‍കുന്നത്”- ജയറാം പറഞ്ഞു
കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതാണ് ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും മാത്യുവിന് ലഭിച്ചിരുന്നു. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പശുക്കള്‍ ചത്തുവീഴുന്നത് കണ്ട് മാത്യു ബോധരഹിതനായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു