തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്ത് ഷഹാന ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരനെതിരെ നടപടിക്ക് ശിപാർശ. പ്രതികൾക്ക് വിവരം ചോർത്തി നൽകിയ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നവാസിനെതിരെയാണ് വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തത്.
ഷഹാനയുടെ ഭര്‍തൃവീട്ടുകാർക്ക് പൊലീസിന്‍റെ നീക്കങ്ങൾ നവാസ് ചോർത്തി നൽകിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നവാസ് കൈമാറിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികൾ കേരളം വിട്ടത്. ഷഹാനയുടെ ഭർത്താവിന്‍റെ ബന്ധുവാണ് നവാസ്.
ഡിസംബർ 26 വൈകിട്ടാണ് വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍വീട് ഷഹാന മന്‍സിലില്‍ ഷഹാന ഷാജി (23)യെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനമാണ് മരണ കാരണമെന്ന ആരോപണവുമായി ഷഹാനയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഷഹാനക്ക് മര്‍ദനമേറ്റതിന്‍റെ ചിത്രങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടു.
ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നതായും ദേഹോപദ്രവം ഏല്‍പിച്ചിരുന്നതായും ഷഹാനയുടെ പിതൃസഹോദരി ഷൈന പറഞ്ഞു. ഒരിക്കല്‍ ഷഹാനയുടെ ഭര്‍ത്താവിന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ഈ സമയത്ത് ആശുപത്രിയിലെ ചില രേഖകളില്‍ ആര് ഒപ്പിടണമെന്ന് സംബന്ധിച്ച് ഷഹാനയും ഭര്‍തൃമാതാവും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഭര്‍തൃമാതാവ് ഷഹാനയെ മര്‍ദിച്ചെന്നും കടിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
മൂന്നു വര്‍ഷം മുമ്പ് കോവിഡ് സമയത്താണ് കാട്ടാക്കട സ്വദേശിയുമായി ഷഹാനയുടെ വിവാഹം നടന്നത്. ഒന്നര വയസുള്ള കുഞ്ഞുള്ള ഷഹാന, ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. സഹോദര പുത്രന്‍റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭര്‍ത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു.
നേരിട്ട് ക്ഷണിക്കാത്തതിനാല്‍ ഷഹാന ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ തയാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞിനെയും എടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ച ഷഹാനയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു