കോട്ടയം: വി എം സുധീരൻ്റെ പരസ്യ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കള്‍ക്കുള്ളിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്ന് വി ഡി സതീശൻ പ്രതികരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്ന പരാമര്‍ശം തൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. താനും കൂടി അഭിപ്രായം പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വിഷമമാകുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ അപ്രായോഗികമായ പദ്ധതിയാണെന്നും കേന്ദ്രം അനുവദിച്ചാലും നടപ്പാക്കാൻ ഞങ്ങള്‍ സമ്മതിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സര്‍ക്കാരാണ് കെ റെയില്‍ ഉണ്ടാക്കാൻ പോകുന്നതെന്നും സതീശൻ പരിഹസിച്ചു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത ബാധ്യതയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നവ കേരള സദസില്‍ ഉടനീളം തനിക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് സജി ചെറിയാൻ. അപകീര്‍ത്തികരമായ പരാമര്‍ശമാണ് സജി ചെറിയാൻ നടത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടികള്‍ക്ക് വിളിച്ചാല്‍ ആളുകള്‍ക്ക് പോകേണ്ടിവരും. പ്രധാനമന്ത്രി വിളിച്ച സദസില്‍ ക്രൈസ്തവ നേതാക്കള്‍ പോയത് തെറ്റല്ല. അതിന് പോയവരെ കളിയാക്കുകയും പരിഹസിക്കുകയുമല്ല വേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.