ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2023ൽ നടത്തിയ അവസാന മൻ കീബാത്തിൽ നിറഞ്ഞ് അയോധ്യയിലെ രാമക്ഷേത്രം. രാമക്ഷേത്രം ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ പ്രതീകമാണെന്നും ഭാവിതലമുറയുടെ പ്രചോദനത്തിന്റെ ഉറവിടമാണെന്നും മോദി പറഞ്ഞു. കായിക താരങ്ങളുടെ പ്രതിഷേധമുൾപ്പെടെ നിരവധി വിവാദ വിഷയങ്ങൾ കത്തി നിൽക്കെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാനത്തെ ‘മൻ കി ബാത്ത്’ ഞായറാഴ്ച രാവിലെ സംപ്രേഷണം ചെയ്തത്. എന്നാൽ, അതേക്കുറിച്ചൊന്നും മൻ കി ബാത്തിൽ പരാമർശമുണ്ടായില്ല. പാർലമെന്റിലെ , മണിപ്പൂർ കലാപം തുടങ്ങിയ വിഷയങ്ങളിലും മൻ കി ബാത്തിൽ പ്രതികരണമൊന്നുമുണ്ടായില്ല.
‘രാമക്ഷേത്രത്തിനായി രാജ്യം മുഴുവനും ആവേശം കൊള്ളുകയാണ്. ഭജനകൾ രചിച്ചും കവിതകളെഴുതിയും രാമക്ഷേത്രത്തിന്റെ പെയിന്റിങ്ങുകൾ നിർമിച്ചും ജനം ആഹ്ലാദം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്’ -മോദി പറഞ്ഞു. പുതുവർഷത്തെ കൂടുതൽ ആർജവത്തോടെയും ആഹ്ലാദത്തോടെയും വരവേൽക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 108 എപ്പിസോഡുകൾ രാജ്യത്തെ വിവിധ മേഖലകളിലെ പൊതുജന പങ്കാളിത്തത്തിന്റെ മാതൃകകളെ ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഈ ഘട്ടത്തിൽ കരുത്തോടെയും അതിവേഗത്തിലും വളരാൻ ജനങ്ങൾ ദൃഢനിശ്ചയം ചെയ്യണം. രാജ്യം സ്വയം പര്യാപ്തതയുടെ നിറവിലാണ്. ഇത് 2024ലും നിലനിർത്തേണ്ടതുണ്ട്.
READ ALSO….മംഗളൂരുവിൽ മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു
മാനസിക ശാരീരിക ആരോഗ്യത്തെക്കുറിച്ചും ഫിറ്റ് ഇന്ത്യ മൂവ്മെന്റിനായി കേന്ദ്ര സർക്കാർ നടത്തിവരുന്ന പ്രത്യേക പദ്ധതികളെ കുറിച്ചും മോദി സംസാരിച്ചു. സംപ്രേഷണത്തിനിടെ ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു, നടൻ അക്ഷയ് കുമാർ, വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ചെസ് താരം വിശ്വനാഥ് ആനന്ദ് തുടങ്ങിയവർ തങ്ങളുടെ ഫിറ്റ്നസ് ടിപ്പുകൾ പങ്കുവെച്ചു. വനിതാ സംവരണ ബിൽ പാസാക്കിയതടക്കം നിരവധി പ്രത്യേക നേട്ടങ്ങൾ ഈ വർഷം ഇന്ത്യ കൈവരിച്ചതായും മോദി പറഞ്ഞു.2023ലെ മോദിയുടെ അവസാന ‘മൻ കീ ബാത്തി’ൽ നിറഞ്ഞ് രാമക്ഷേത്രം; ഗുസ്തി താരങ്ങളും സുരക്ഷാ വീഴ്ചയുമൊന്നും വിഷയമായില്ല
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു