തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിന് സസ്‌പെൻഷൻ. കാറിൽ യാത്ര ചെയ്ത കുടുംബത്തെ ആക്രമിച്ചതിൽ അജീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വലിയമല പാെലീസാണ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് സംഘടനാതല നടപടി.
അജീഷിന്റെ പ്രവൃത്തി സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന കണ്ടെത്തലിലാണ് ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോമോൻ ജോസ് പുറത്തിറക്കിയ സസ്പെൻഷൻ നോട്ടീസിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ഔട്ട്‍റീച്ച് സെല്ലിന്റെ സംസ്ഥാന കോഡിനേറ്ററുമായ പി.എസ് അജീഷ്‍നാഥ് മദ്യപിച്ച് റോഡിൽ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടി തൊളിക്കോട് സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനും കുടുംബവും നൽകിയ പരാതിയിലാണ് കേസെടുത്തത്.
കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ അതിക്രമം. പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. സംഭവം വിവാദമായതോടെയാണ് യൂത്ത് കോൺഗ്രസ് നടപടി. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന ആരോപണവും അജീഷ്‍നാഥിനെതിരെ നിലനില്‍ക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു