കോഴിക്കോട്: മാവൂരിലെ അതുല്‍ദേവിന് നഷ്ടപ്പെട്ട പഴ്‌സ് ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുകിട്ടി. പഴ്‌സില്‍ നിന്ന് രണ്ടായിരം രൂപ നഷ്ടമായെങ്കിലും അതില്‍ മോഷ്ടാവ് ഹൃദയം തൊടുന്ന ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. ‘ഇന്നത്തെ നഷ്ടം നാളത്തെ ലാഭം. ഇതു ഞാന്‍ എടുക്കുന്നു. ദൈവമുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് ക്ഷമിക്കണം. ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും. അത് എന്റെ വാക്കാണ്. ചതിക്കില്ല. ഉറപ്പ്. നിങ്ങളെ ഈശ്വരന്‍ രക്ഷിക്കും’-മോഷ്ടാവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അതുല്‍ദേവിന്റെ പഴ്‌സ് നഷ്ടമായത്. എടിഎം കാര്‍ഡടക്കം വിലപ്പെട്ട രേഖകളെല്ലാം ഉള്ളതിനാല്‍ വന്ന വഴിയെല്ലാം തിരഞ്ഞുപോയെങ്കിലും പഴ്‌സ് കിട്ടിയില്ല. തുടര്‍ന്ന് പഴ്‌സ് നഷ്ടപ്പെട്ടെന്നും ലഭിക്കുന്നവര്‍ തിരികെയേല്‍പ്പിക്കണമെന്നും പറഞ്ഞ് അതുല്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടു. കൂടാതെ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
ഇതിന് പിന്നാലെയാണ് പഴ്‌സ് നഷ്ടപ്പെട്ട സ്ഥലത്തുവച്ച് നാട്ടുകാരനായ ഒരാള്‍ക്ക് ഇത് ലഭിക്കുന്നത്. ഇയാള്‍ പഴ്‌സ് അതുലിനെ തിരികെ ഏല്‍പ്പിച്ചു. എന്നാല്‍ പഴ്‌സില്‍ ഉണ്ടായിരുന്ന പണത്തിന് പകരം ഒരു കുറിപ്പാണ് ലഭിച്ചതെന്ന് അതുല്‍ പറഞ്ഞു.
പണം നഷ്ടപ്പെട്ടെങ്കിലും ലൈസന്‍സ്, ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച മോഷ്ടാവിനെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് മാത്രമാണ് തന്റെയും പ്രാര്‍ഥനയെന്ന് അതുല്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു