കൊച്ചി : 30 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുള്ളതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാകില്ലെന്ന് ഹൈകോടതി. ഗര്‍ഭസ്ഥ ശിശുവിന് വൃക്കസംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന കാരണത്താല്‍ അബോര്ഷന് അനുമതി തേടി ദമ്പതികള്‍ നല്കിയ ഹരജിയിലെ തുടര്‍നടപടികള്‍ ഹൈകോടതി ഇക്കാര്യം വ്യക്തമാക്കി അവസാനിപ്പിച്ചു.
ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച 24 ആഴ്ച പിന്നിട്ടാല്‍ ഗര്‍ഭഛിദ്രത്തിന് കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് ദമ്പതികള്‍ ഹൈകോടതിയെ സമീപിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലേ അബോര്ഷൻ അനുവദിക്കാനാകൂവെന്ന് ഹൈകോടതി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭസ്ഥശിശുവിന് വൃക്കസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി ദമ്പതികള്‍ അനുമതി തേടിയത്. ഹരജിയില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെയും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുകള്‍ തേടി. ഗര്‍ഭസ്ഥശിശുവിന് ഗുരുതര പ്രശ്നങ്ങളില്ലെന്ന് രണ്ട് മെഡിക്കല്‍ ബോര്‍ഡുകളും റിപ്പോര്‍ട്ട് നല്കി. ഇത് പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹരജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്.