കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചിട്ടുള്ള ലഘു സാമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. 2024 ജനുവരി – മാർച്ച് ത്രൈമാസ കാലയളവിലേക്കുള്ള പലിശ നിരക്കുകളാണ് പരിഷ്കരിച്ചത്. ചില സമ്പാദ്യ പദ്ധതികളുടെയും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതികളുടേയും പലിശ നിരക്കുകളിൽ 20 അടിസ്ഥാന പോയിന്റ് (0.20 %) വരെയുള്ള വർധന നടപ്പാക്കിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്നു പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
സർക്കാരിന്റെ ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 0.2 ശതമാനം വർധിപ്പിച്ചു. ഇതോടെ സുകന്യ സമൃദ്ധിയുടെ പലിശ നിരക്ക് 8.2 ശതമാനമായി ഉയർന്നു. അതുപോലെ പോസ്റ്റ് ഓഫീസ് മൂന്ന് വർഷ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 0.1 ശതമാനവും ഉയർത്തി നിശ്ചയിച്ചു. ഇതോടെ മൂന്ന് വർഷ ടൈം ഡിപ്പോസിറ്റിന്റെ പലിശ 7.1 ശതമാനമായി ഉയർന്നു. അതേസമയം ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയ ദീർഘകാല നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ ആദായ നിരക്ക് പരിഷ്കരിച്ചില്ലെന്നതും ശ്രദ്ധേയമായി.
രാജ്യത്തെ വാണിജ്യ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തുന്നതിനിടെയാണ്, തെരഞ്ഞെടുത്ത നിക്ഷേപ പദ്ധതികളിൽ ആദായ നിരക്ക് പരിഷ്കരിച്ച് കേന്ദ്ര സർക്കാരും രംഗത്തെത്തിയത്. കേന്ദ്ര സർക്കാർ/ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ 2024 ജനുവരി – മാർച്ച് കാലയളവിൽ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ ചുവടെ ചേർക്കുന്നു.
സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം : 8.2%
നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് : 7.7%
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) : 7.1%
കിസാൻ വികാസ് പത്ര : 7.5% (115 മാസത്തെ കാലാവധി)
സുകന്യ സമൃദ്ധി യോജന : 8.2%
പോസ്റ്റ് ഓഫീസ് സേവിങ്സ് ഡിപ്പോസിറ്റ് : 4.0%
പോസ്റ്റ് ഓഫീസ് 1 വർഷ ടൈം ഡിപ്പോസിറ്റ് : 6.9%
പോസ്റ്റ് ഓഫീസ് 2 വർഷ ടൈം ഡിപ്പോസിറ്റ് : 7.0%
പോസ്റ്റ് ഓഫീസ് 3 വർഷ ടൈം ഡിപ്പോസിറ്റ് :7.1%
പോസ്റ്റ് ഓഫീസ് 5 വർഷ ടൈം ഡിപ്പോസിറ്റ് : 7.5%
പോസ്റ്റ് ഓഫീസ് 5 വർഷ റിക്കറിങ് ഡിപ്പോസിറ്റ് (ആർഡി) : 6.7%
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) : 7.4%
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു