മികച്ച ബാറ്ററി ശേഷിയോടെ സാംസങ് ഒരു പുതിയ ഗാലക്സി സ്മാര്‍ട്ട്ഫോണ്‍ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഗാലക്സി എം സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലായി ഗാലക്സി എം15 എന്ന സ്മാര്‍ട്ട്ഫോണ്‍ ആണ് സാംസങ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്സി എ15 5ജിയുടെ റീബ്രാൻഡ് ചെയ്ത പതിപ്പായിരിക്കാം ഇത്.
എന്നാൽ ഗാലക്സി എ15 5ജിയിൽ നിന്ന് വേറിട്ട് നിൽക്കുന്ന ചില ഘടകങ്ങൾ ഗാലക്സി എം15യിൽ ഉണ്ടാകും. അതിൽ ഏറ്റവും പ്രധാന മാറ്റം ബാറ്ററിയുടെ കാര്യത്തിലാണ് ഉണ്ടാകുക. ഗാലക്സി എ15 5ജിയിൽ 5000mah ബാറ്ററിയാണ് സാംസങ് നൽകിയത്. എന്നാൽ ഗാലക്സി എം15യിൽ 6000mah ന്റെ വലിയ ബാറ്ററിയാണുണ്ടാകുക.ഗാലക്സി എ15 5ജിയിലേതിനെക്കാൾ 1,000mAh കൂടുതലാണ് ഗാലക്സി എം15 യിലെ ബാറ്ററി എന്ന് ഗാലക്സി ക്ലബ്ബിനെ അടിസ്ഥാനമാക്കി സാംമൊബൈൽ വെളിപ്പെടുത്തുന്നു. ഗാലക്സി A15 യ്ക്ക് 25W ഫാസ്റ്റ് ചാർജിംഗ് ഉണ്ട്, ഗാലക്സി M15 യിലും ഇത് പ്രതീക്ഷിക്കുന്നു. ഗാലക്സി എ15യെ പിന്തുടർന്നാണ് ഗാലക്സി എം15യും അവതരിപ്പിക്കുന്നത്.
അതിനാൽ ഗാലക്സി M15യുടെ 4G വേരിയന്റിന് മീഡിയടെക് ഹീലിയോ G99 ചിപ്സെറ്റും 5G വേരിയന്റിന് മീഡിയടെക് ഡിമെൻസിറ്റി 6100+ ചിപ്സെറ്റും സാംസങ് നൽകിയേക്കാം. ഡിസ്പ്ലേയുടെ കാര്യമെടുത്താൽ, ഗാലക്‌സി M15-ന് 6.5 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീൻ, ഇൻഫിനിറ്റി യു നോച്ച്, FHD+ റെസല്യൂഷൻ, 90Hz പുതുക്കൽ നിരക്ക്, 800nits പീക്ക് ബ്രൈറ്റ്നസ് എന്നിവ പ്രതീക്ഷിക്കുന്നു.ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6-ൽ ആയിരിക്കും ഗാലക്സി എം15 യുടെ പ്രവർത്തനം. ഫോണിന്റെ പിൻഭാഗത്ത് 50എംപി പ്രധാന ക്യാമറയും 5എംപി അൾട്രാവൈഡും 2എംപി മാക്രോ മൊഡ്യൂളും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. സെൽഫി ഷൂട്ടർ 13 എംപി സെൻസറായിരിക്കാം. ഇരുവശത്തുനിന്നും, 1080p30fps വീഡിയോകൾ ഷൂട്ട് ചെയ്യാം.
ഗാലക്സി A15 4/ 6/ 8GB റാം ഓപ്ഷനുകളിലും 128/ 256GB സ്റ്റോറേജ് ഓപ്ഷനിലും എത്തുന്നു. ഗാലക്സി എം15 ക്കും സമാനമായ കോൺഫിഗറേഷൻ പ്രതീക്ഷിക്കാം. SD കാർഡ് സ്ലോട്ട്, 3.5mm ഓഡിയോ ജാക്ക്, USB-C 2.0 പോർട്ട്, ഡ്യുവൽ-ബാൻഡ് വൈഫൈ എസി, ബ്ലൂടൂത്ത് 5.3, GPS, NFC എന്നിവയും ഗാലക്സി എം15യിൽ പ്രതീക്ഷിക്കുന്നു. ഗാലക്സി എം15 സംബന്ധിച്ച കൂടുതൽ കൃത്യമായ വിവരങ്ങൾ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവരും. 2024 ഫെബ്രുവരിയിൽ ഗാലക്സി എം15 സാംസങ് ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, കഴിഞ്ഞ ആഴ്ച ഒറ്റയടിക്ക് രണ്ട് 5ജി ഫോണുകൾ സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. ഗാലക്സി എം15യുടെ പ്രചോദനമായ ഗാലക്സി എ15 5ജിയും അതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ സാംസങ് ആരാധർക്ക് ക്രിസ്മസ്- ന്യൂഇയർ സമ്മാനമായി ഗാലക്സി എ15(A15 5G), ഗാലക്സി എ25 (Galaxy A25 5G) എന്നിങ്ങനെ രണ്ട് ഫോണുകളാണ് സാംസങ് പുറത്തിറക്കിയത്. ഇതിൽ ഗാലക്സി എ15 5ജിയുടെ 8GB റാം +128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,499 രൂപയും 8GB റാം+256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 22,499 രൂപയുമാണ് വില. അതേപോലെ ഗാലക്സി എ25 5ജിയുടെ 8GB+128GB പ്രാരംഭ വേരിയന്റിന് 26,999 രൂപയും 8GB+256GB ഹൈ എൻഡ് വേരിയന്റിന് 29,999 രൂപയും ആണ് വില. എ15, എ25 എന്നീ രണ്ട് എ സീരീസ് സ്മാർട്ട്‌ഫോണുകളും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വാങ്ങാം. എസ്ബിഐ കാർഡ് ഉപയോഗിച്ച് ഈ ഫോണുകൾ വാങ്ങുന്നവർക്ക് 3,000 ഡിസ്കൗണ്ട് ലഭ്യമാമെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു