കോഴിക്കോട്: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന പുതുവര്‍ഷ സമ്മാനമാണ് ഹെലിടൂറിസം പദ്ധതിയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേഗത്തില്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനുമാണ് ഹെലിടൂറിസം ആരംഭിക്കുന്നതെന്നതെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടത്തിന് 2023 ഡിസംബര്‍ 30 ന് എറണാകുളം നെടുമ്ബാശേരിയില്‍ തുടക്കമാവുമെന്നും മന്ത്രി പറഞ്ഞു. കേരളത്തെ അനുഭവിച്ചറിയുവാന്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന വിലയേറിയ സമയം പരമാവധി കുറച്ച് സമ്ബുഷ്ടമായ ഒരു ടൂറിസം അനുഭവം സ്വായത്തമാക്കുവാന്‍ ഈ പദ്ധതി സഹായിക്കും.
ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നില്‍ പ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാന്‍ ഈ പദ്ധതി അവസരമൊരുക്കും. കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതാണ് പദ്ധതിയെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.