പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍, മാറ്റങ്ങള്‍; പുതുവര്‍ഷത്തില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കൂ!!!!!

ഏറ്റവും ജനകീയമായ നിക്ഷേപങ്ങളായ പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയില്‍ കൂടുതല്‍ ഇളവുകളാണ് കേന്ദ്ര സര്‍ക്കാര്‍ 2023 കലണ്ടര്‍ വര്‍ഷത്തില്‍ വരുത്തിയത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളുടെ നിയമങ്ങള്‍ പരിഷ്കരിച്ചതും പലിശ നിരക്കും നിക്ഷേപ പരിധിയും ഉയര്‍ത്തിയത് ഈ വര്‍ഷത്തിലാണ്. പുതുവര്‍ഷത്തില്‍ ലഘു സമ്ബാദ്യ പദ്ധതികള്‍ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം.

    

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ലഘു സമ്പാദ്യ പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ അക്കൗണ്ട് തുറക്കാനുള്ള സമയ പരിധിയിലാണ് വ്യത്യാസം. നവംബര്‍ 9-ലെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്‌ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാം.

   

55 വയസിന് മുകളില്‍ പ്രായമുള്ള എന്നാല്‍ 60 വയസ് പൂര്‍ത്തിയാവാത്ത നിക്ഷേപകര്‍ക്ക് നേരത്തെ വിരമിക്കല്‍ കാല അനുകൂല്യങ്ങള്‍ 1 മാസത്തിനുള്ളില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കണമായിരുന്നു. ഇതിലാണ് മാറ്റം.

  

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ഇനി മുതല്‍ പരിധിയില്ലാതെ നിക്ഷേപത്തിന്റെ കാലാവധി ഉയര്‍ത്താം. 3 വര്‍ഷത്തെ ബ്ലോക്കുകളായാണ് കാലാവധി ഉയര്‍ത്തേണ്ടത്. നേരത്തെ ഒരു തവണ മാത്രമാണ് കാലാവധി ഉയര്‍ത്താൻ അനുവദിച്ചിരുന്നത്. അതേസമയം ഓരോ തവണയും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. കാലാവധി നീട്ടുമ്പോൾ ലഭിക്കുന്ന പലിശയിലും മാറ്റമുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോൾ അക്കൗണ്ട് നീട്ടുകയാണെങ്കില്‍ മെച്യൂരിറ്റി തീയതിയിലോ നിക്ഷേപ കാലാവധി നീട്ടുന്ന തീയതിയിലോ സ്കീമിന് ബാധകമായ പലിശ നിരക്കാണ് ഇനി മുതല്‍ ലഭിക്കുക.

 

നിക്ഷേപ പരിധി

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തിയതും 2023 ലാണ്. 2023 സാമ്പത്തിക വര്‍ഷത്തിലെ അവസാന ബജറ്റിലാണ് നിക്ഷേപ പരിധി 15 ലക്ഷം രൂപയില്‍ നിന്ന് ഇരട്ടിയാക്കിയത്. ഏപ്രില്‍ 1 മുതല്‍ 30 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കുന്നുണ്ട്. നിലവിലെ പലിശ നിരക്കായ 8.20 ശതമാനം നിശ്ചയിച്ചതും ഏപ്രില്‍ 1 മുതലാണ്.

    

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

2023 നവംബര്‍ 7-ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച്‌ നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിക്കുന്നതില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ നിക്ഷേപം പിൻവലിക്കുമ്പോൾ ഈടാക്കുന്ന പലിശ കണക്കാക്കുന്നതിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.

   

അഞ്ച് വര്‍ഷ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിലെ നിക്ഷേപം അക്കൗണ്ട് തുറന്ന് നാല് വര്‍ഷത്തിന് ശേഷം പിൻവലിക്കുകയാണെങ്കില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് നിരക്കാണ് ലഭിക്കുക. നിലവില്‍ 4 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന് നല്‍കുന്നത്.

   

നിലവിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരം, നിക്ഷേപ തീയതി മുതല്‍ നാല് വര്‍ഷത്തിന് ശേഷം അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന് ബാധകമായ നിരക്കില്‍ പലിശ കണക്കാക്കും.

    

Read more: ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താം, 2024ല്‍ കീശ കീറാതിരിക്കാൻ ക്രെഡിറ്റ് കാര്‍ഡിനെ പാട്ടിലാക്കൂ, ഇതാണ് എളുപ്പ വഴികള്‍!!!!

   

മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം

2023 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പുതിയ ലഘു സമ്ബാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. സ്ത്രീകള്‍ക്ക് മാത്രമായുള്ള സമ്ബാദ്യ പദ്ധതി 2023 ഏപ്രില്‍ 1 നാണ് ആരംഭിച്ചത്. 2 ലക്ഷം രൂപ വരെ 2 വര്‍ഷ കാലയളവില്‍ നിക്ഷേപിക്കാം. 7.50 ശതമാനമാണ് പലിശ നിരക്ക്. പരിധിയില്ലാതെ അക്കൗണ്ടുകള്‍ ആരംഭിക്കാൻ സാധിക്കും. 2025 മാര്‍ച്ച്‌ 31 നകം അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്.

    

ലഘു സമ്പാദ്യ പദ്ധതികള്‍

ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് മേല്‍നോട്ടം വഹിക്കുന്ന നിക്ഷേപ ഓപ്ഷനുകളാണ് ലഘു സമ്ബാദ്യ പദ്ധതികള്‍. ആവര്‍ത്തന നിക്ഷേപം (ആര്‍ഡി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് , സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം എന്നിങ്ങനെ 9 ലഘു സമ്പാദ്യ പദ്ധതികള്‍ ലഭ്യമാണ്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

         

Latest News