പത്തനംതിട്ട : പത്തനംതിട്ട-അടൂര്‍ റോഡില്‍ കൈപ്പട്ടൂര്‍ തെരുവ് ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് കുട്ടികളടക്കം 63 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 3.15ഓടെയാണ് അപകടം. പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസും തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തിന് പോയ സൂപ്പര്‍ ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ 36 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 22 പേരെ അടൂര്‍ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റാന്നി ഡിപ്പോയിലെ മുണ്ടക്കയം ബസിന്റെ ഡ്രൈവര്‍ ജിജി സക്കറിയയെ (42) കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ സീറ്റിനും സ്റ്റിയറിങ്ങിനും ഇടയില്‍ കുടുങ്ങിയ ഡ്രൈവറുടെ തുടയെല്ല് തകര്‍ന്നു. പത്തനംതിട്ടയില്‍നിന്ന് അഗ്നിരക്ഷാസേന എത്തി സ്റ്റിയറിങ് മുറിച്ചുനീക്കിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
അമിതവേഗത്തിലെത്തിയ തിരുവനന്തപുരം ബസ് മുണ്ടക്കയം ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യാത്രയുടെ തുടക്കംമുതലേ അശ്രദ്ധമായാണ് വാഹനം ഓടിച്ചതെന്നും യാത്രക്കാര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ പിന്നോട്ടുപോയ തിരുവനന്തപുരം ബസ് പഞ്ചായത്ത് കിണറും സമീപത്തെ വീടിന്റെ മതിലും തകര്‍ത്തു. രണ്ട് ബസിന്റെയും മുൻവശം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ പത്തനംതിട്ട പൊലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി വീണ ജോര്‍ജ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.