ബംഗളൂരു : ടെക് നഗരമായ ബംഗളൂരുവിനെയും വ്യവസായ നഗരമായ കോയമ്ബത്തൂരിനെയും ബന്ധിപ്പിച്ച് വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം. ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെത്തി.
തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മപുരി, ഹൊസൂര്‍ വഴിയായിരുന്നു സര്‍വിസ്. ഉച്ചക്ക് 1.40ന് തിരികെ കോയമ്ബത്തൂരിലേക്ക് പോയി. ശനിയാഴ്ച മുതല്‍ കോയമ്ബത്തൂര്‍-ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വിസ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലെ യാത്രാദൈര്‍ഘ്യം അഞ്ചര മുതല്‍ ആറുവരെ മണിക്കൂറായി കുറയും. നിലവില്‍ കോയമ്ബത്തൂര്‍-ബംഗളൂരു-കോയമ്ബത്തൂര്‍ റൂട്ടില്‍ ഡബ്ള്‍ ഡക്കര്‍ ഉദയ് എക്സ്പ്രസ് സര്‍വിസ് നടത്തുന്നുണ്ട്. പുലര്‍ച്ച 5.45ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ഉദയ് എക്സ്പ്രസ് ബംഗളൂരുവിലെത്താൻ ഏഴു മണിക്കൂറോളമാണെടുക്കുന്നത്.
ബംഗളൂരുവില്‍നിന്നുള്ള നാലാമത്തെ വന്ദേഭാരത് എക്സ്പ്രസ് സര്‍വിസാണിത്. നേരത്തെ മൈസൂരു-ബംഗളൂരു-ചെന്നൈ, ബംഗളൂരു-ധാര്‍വാഡ്- ബെളഗാവി, ബംഗളൂരു-ഹൈദരാബാദ് സര്‍വിസുകള്‍ ആരംഭിച്ചിരുന്നു. മംഗളൂരുവില്‍ നിന്ന് ഗോവയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസും കഴിഞ്ഞദിവസം പരീക്ഷണയോട്ടം നടത്തി. ശനിയാഴ്ച ആരംഭിക്കുന്ന കോയമ്ബത്തൂര്‍-ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത് എക്സ്പ്രസിന്റെ നമ്ബറും യാത്രാ ഷെഡ്യൂളും ടിക്കറ്റ് നിരക്കും സംബന്ധിച്ച് വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.