കോഴിക്കോട് : ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ മൂന്നാം പതിപ്പിന്‍റെ ഭാഗമായി ആകര്‍ഷകമായ ഡ്രോണ്‍ ലൈറ്റ് ഷോയും. ബേപ്പൂര്‍ മറീന ബീച്ചിലാണ് ഫെസ്റ്റിന്‍റെ ഭാഗമായി ഡ്രോണ്‍ ഷോ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുക. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഡ്രോണ്‍ ഷോ സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 28, 29 തീയതികളിലായി നടക്കുന്ന ഷോയില്‍ 250 ഡ്രോണുകള്‍ ആണുള്ളത്. ബേപ്പൂര്‍ മറീന ബീച്ചില്‍ വൈകിട്ട് ഏഴു മുതല്‍ക്കാണ് ഈ വിസ്മയക്കാഴ്ച ജനങ്ങള്‍ക്ക് ആസ്വദിക്കാനാകുക. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഐഐടി സ്റ്റാര്‍ട്ടപ്പ് ആണ് ഡ്രോണ്‍ഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതര സ്ഥലങ്ങളില്‍ ഡ്രോണ്‍ ഷോ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണിത്.
ഇത്തവണത്തെ ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ ഏറ്റവും ആകര്‍ഷക കാഴ്ചകളിലൊന്നായിരിക്കും ഡ്രോണ്‍ ഷോയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജലകായിക മത്സരങ്ങള്‍ക്കും വിനോദങ്ങള്‍ക്കും പുറമേ ഇത്തരം വ്യത്യസ്തങ്ങളായ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ വാട്ടര്‍ ഫെസ്റ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെസ്റ്റ് നാളെ (ഡിസംബര്‍ 26) വൈകിട്ട് 6.30 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 29 വരെയാണ് മേള. മറീന ബീച്ചിനു പുറമേ കോഴിക്കോട് ബീച്ച്, ചാലിയം, ഫറോക്കിലെ നല്ലൂര്‍ എന്നീ സ്ഥലങ്ങള്‍ ഫെസ്റ്റിന്‍റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് വേദിയാകും. ടൂറിസം വകുപ്പ് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ബേപ്പൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.