തിരുവനന്തപുരം : ആലപ്പുഴയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരന് മർദനമേറ്റ സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ നടത്തിയ പ്രസ്താവനക്കെതിരെ പരാതി . ‘വികലാംഗൻ’ പരാമർശം നടത്തിയ ജയരാജനെതിരെ ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യവുമായി ഭിന്നശേഷി കമ്മീഷണർക്ക് വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ പരാതി നൽകി.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണ് മർദനമേറ്റത്. കരിങ്കൊടി കാണിച്ചതിന് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ അജിമോനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചു.
ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വികലാംഗൻ എന്തിനാണ് കൊടിയും പിടിച്ച് പ്രതിഷേധിക്കുന്നത് എന്നായിരുന്നു ജയരാജന്റെ മറുപടി. എന്നാൽ ജയരാജന്റേത് ഭിന്നശേഷി വിരുദ്ധ പരാമർശമാണെന്ന് ഓൾ കേരളാ വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വാസുണ്ണി പട്ടാഴി ഭിന്നശേഷി കമ്മീഷണർക്ക് പരാതി നൽകി. തെറ്റ് തിരുത്തി മാപ്പ് പറയാൻ ജയരാജൻ തയ്യാറാകുന്നില്ലെങ്കിൽ ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്ന് വാസുണ്ണി ആവശ്യപ്പെട്ടു.