കോട്ടയം: നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.മന്ത്രിയായി ഡിസംബര്‍ 29ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ, പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയാണ് ജി സുകുമാരന്‍ നായരുമായി ഗണേഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. സുകുമാരന്‍ നായര്‍ക്കൊപ്പം മന്നം സമാധിയിലെത്തി ഗണേഷ് കുമാര്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു.
ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തില്‍ സന്തോഷമെന്ന് ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. അനാവശ്യ പ്രശ്നങ്ങളില്‍ എന്‍എസ് എസ് ഇടപെടാറില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എല്‍ഡിഎഫ് മുന്നണി ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ച ഒഴിവിലേക്കാണ് ഗണേഷ് കുമാറും രാമചന്ദ്രന് കടന്നപ്പള്ളിയും കടന്നുവരുന്നത്. ഇരുവരെയും മന്ത്രിമാരാക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനിച്ചത്. ഡിസംബര്‍ 29ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 29ന് വൈകീട്ടാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയെന്നാണ് മുന്നണി യോഗ തീരുമാനം വിശദീകരിച്ച് കൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് വ്യക്തമാക്കിയത്.
മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു കെ ബി ഗണേഷ് കുമാര്‍ നേരത്തെ പ്രതികരിച്ചത്. ഗതാഗത വകുപ്പാണോ ലഭിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഗതാഗത വകുപ്പ് ലഭിച്ചാല്‍ ഇന്നത്തെ നിലയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചില പ്ലാനുകള്‍ മനസ്സിലുണ്ട്. അസാധ്യമായി ഒന്നുമില്ല എന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോഴത്തെ സ്ഥിതിയേക്കുറിച്ച് പഠിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ സഹകരണവും ആവശ്യമുണ്ട്. കെഎസ്ആര്‍ടിസിയെ പക്കാ നന്നാക്കി ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല. എന്നാല്‍ അതിനെ ഇടതുമുന്നണിക്ക് അഭിമാനിക്കാവുന്ന തരത്തില്‍ ഇംപ്രൂവ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനുമെല്ലാം സര്‍ക്കാര്‍ സഹായത്തോടെയാണ് വിതരണം ചെയ്യുന്നത്. അത് കുറേയെങ്കിലും മാറ്റാന്‍ കഴിയുമെന്ന് വിചാരിക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പൊതുഗതാഗത സംവിധാനം ഇടതു സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി മാറ്റാനുള്ള ചില പദ്ധതികളുണ്ട്. അതിന് ജനങ്ങളുടെ അടക്കം സഹകരണം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.