മലപ്പുറം: താനൂരില്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് മത്സ്യബന്ധന വള്ളത്തില്‍ ഉല്ലാസയാത്ര. ജീവൻ രക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയായിരുന്നു സ്ത്രീകളും കുട്ടികളുമായി യാത്ര നടത്തിയത്.ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡ്സിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചായിരുന്നു യാത്ര.
പുതിയ ഇൻബോഡ് വള്ളം ഉദ്ഘാടന ചടങ്ങിനിടെ ഇന്നലെയാണ് യാത്ര നടത്തിയത്. ജീവൻ രക്ഷാ ഉപകരണങ്ങളൊന്നും വള്ളത്തിലുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ യാത്ര നടത്തിയപ്പോള്‍ തന്നെ ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാടേ അവഗണിച്ച് സംഘം സ്ത്രീകളും കുട്ടികളുമായി രണ്ടാമതും യാത്ര നടത്തി.
താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ട് യാത്രകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഇതിന് തീരെ വില കല്‍പ്പിക്കാത്ത പ്രവൃത്തികളാണുണ്ടാകുന്നത്. ബോട്ടുടമകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇനിയും ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ ബോട്ടിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.