പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലടക്കം ആരോപണ വിധേയനായ സിപിഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോനെ പാര്‍ട്ടി ഒടുവില്‍ പുറത്താക്കി. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഏറെക്കാലമായി ഗൗരവമേറിയ പരാതികള്‍ വന്നിട്ടും പത്തനംതിട്ട സിപിഎമ്മിലെ ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയിലാണ് സജിമോൻ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ തുടര്‍ന്നത്.
2018-ലാണ് ഏറെ ഗുരുതരമായ കേസില്‍ സി.സി. സജിമോൻ പ്രതിയാകുന്നത്. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും, കേസിലെ ഡിഎൻഎ പരിശോധന അട്ടിമറിച്ചെന്നുമാണ് സജിമോനെതിരെ ഉയര്‍ന്ന പരാതി. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി സജിമോനെ അന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാല്‍ വീണ്ടും പാര്‍ട്ടി ചുമതലകളില്‍ ഇയാള്‍ തിരിച്ചെത്തി. 2021 ലാണ് അടുത്ത പരാതി ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയത്. സിപിഎം വനിത നേതാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പൊലീസിന്‍റെയോ പാര്‍ട്ടിയുടെയോ അന്വേഷണം കാര്യമായി നടന്നില്ല. മാത്രമല്ല, പരാതിക്കാരിക്കെതിരെ സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി നടപടിയെടുക്കുകയും ചെയ്തു.
പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളില്‍ പല നേതാക്കള്‍ക്കൊപ്പവും തരംപോലെ കളംമാറി ചവിട്ടുന്ന സജിമോനെ സംരക്ഷിക്കാൻ എക്കാലവും മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ സജിമോനെതിരെ സംസ്ഥാന നേതൃത്വത്തിന് എണ്ണമറ്റ പരാതികള്‍ കിട്ടി. മാത്രമല്ല ഡിഎൻഎ പരിശോധന ഫലം അട്ടിമറിച്ച കേസ് വിചാരണഘട്ടത്തിലേക്കും നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശത്തിന് വഴങ്ങേണ്ടിവന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത നേതൃയോഗമാണ് സി.സി. സജിമോനെ പുറത്താക്കാൻ തീരുമാനിച്ചത്.