ഗസ്സ സിറ്റി: ഗര്‍ഭിണികള്‍ക്കും മൃതദേഹങ്ങള്‍ക്കുംമേല്‍ കണ്ണില്‍ചോരയില്ലാത്ത ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം.ഗസ്സയില്‍ ദിവസങ്ങള്‍ക്കുമുൻപ് നാല് ഗര്‍ഭിണികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ഇതിനുശേഷം ബുള്‍ഡോസര്‍ കയറ്റി മൃതദേഹം വികൃതമാക്കിയതായും ഇവര്‍ പറയുന്നു.
അല്‍ജസീറ ചാനലിനോടാണ് ഒരു ദൃക്‌സാക്ഷി ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്. വെളുത്ത പതാകയുമായി ആശുപത്രിയിലേക്കു തിരിച്ച ഫലസ്തീൻ ഗര്‍ഭിണികള്‍ക്കുനേരെയായിരുന്നു ഇസ്രായേല്‍ ക്രൂരത. വടക്കൻ ഗസ്സയിലുള്ള അല്‍ഔദ ആശുപത്രിയിലേക്കു പ്രസവത്തിനായി പുറപ്പെട്ട നാലുപേര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇവരുടെ മൃതദേഹത്തിനുമേല്‍ ബോള്‍ഡോസര്‍ കയറ്റിയത്.
പ്രദേശത്തെ വീടുകളെല്ലാം വ്യോമാക്രമണത്തിലൂടെ നിലംപരിശാക്കിയിട്ടുണ്ടെന്നും ദൃക്‌സാക്ഷി പറഞ്ഞു. സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ അല്‍ജസീറ പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഫലസ്തീനി യുവതികളുടെ മൃതദേഹങ്ങളും വികൃതമാക്കപ്പെട്ട നിലയില്‍ ദൃശ്യങ്ങളില്‍ കാണാം.
അല്‍ഔദ ആശുപത്രിയിലെ ജീവനക്കാരായ സ്ത്രീകളെയും ഇസ്രായേല്‍ വധിച്ചുകളഞ്ഞതായി കഴിഞ്ഞ ദിവസം ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്കുള്ള കുടിവെള്ള-വൈദ്യുതബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അവശ്യമരുന്നുകള്‍ പോലും ഇങ്ങോട്ടേക്ക് എത്താൻ ഇസ്രായേല്‍ സൈന്യം അനുവദിക്കുന്നില്ല. 80 ആരോഗ്യ ഉദ്യോഗസ്ഥരും 40 രോഗികളും ഉള്‍പ്പെടെ 240 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം ആശുപത്രിക്കകത്തു തടവിലാക്കിയിരിക്കുകയാണ്. ആശുപത്രിയെ ഇസ്രായേല്‍ സൈനികതാവളമാക്കി മാറ്റിയിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം ആരോപിച്ചിരുന്നു.