തിരുവനന്തപുരം: ചരക്കുഗതാഗതത്തിൽ ദക്ഷിണ റെയിൽവേയ്ക്ക് വരുമാനത്തിൽ റെക്കോര്ഡ് നേട്ടം. നടപ്പ് സാമ്പത്തിക വർഷം നവംബർ 30 വരെയുള്ള കാലയളവിലെ കണക്കുപ്രകാരം 26.08 മില്യൻ ടൺ വിവിധ ചരക്കുകൾ കൊണ്ടുപോയത് വഴി ലഭിച്ച വരുമാനം 2,319 കോടി രൂപയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ വരുമാനത്തേക്കാൾ ഇക്കുറി 16.52 കോടി രൂപയാണ് വർധന ഉണ്ടായിട്ടുള്ളത്. അതായത് 5.25 ശതമാനം വർധന. ഈ നവംബറിൽ മാത്രം ദക്ഷിണ റെയിൽവേ 3.289 മെട്രിക് ടൺ ചരക്കുകൾ വിവിധ സ്ഥലങ്ങളിൽ ഗുഡ്സ് വാഗണുകൾ വഴി എത്തിച്ചു. ഇത് കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും വലിയ ചരക്ക് ഗതാഗതമാണ്.
ഇതുവഴി 291 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇത് കഴിഞ്ഞ 10 വർഷത്തെ അപേക്ഷിച്ചുള്ള ഏറ്റവും വലിയ വരുമാന വർധനയുമാണ്. കൽക്കരി, പെട്രോളിയം ഉത്പന്നങ്ങൾ, സിമന്റ്, അരി, ഗോതമ്പ് തുടങ്ങിയ അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ, കൃഷിയാവശ്യങ്ങൾക്കുള്ള വളം ഉൾപ്പെടെയുള്ളവയാണ് പ്രധാനമായും ഇക്കാലയളവിൽ കയറ്റിക്കൊണ്ടുപോയത്.
റെയിൽവേയുടെ മൊത്തത്തിലുള്ള കണക്ക് പ്രകാരം 2023 ഏപ്രിൽ മുതൽ നവംബർ വരെ 1,015. 669 മെട്രിക് ടൺ ചരക്കുകൾ ലോഡ് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 978.724 മെട്രിക് ടൺ ആയിരുന്നു ചരക്ക് ലോഡിംഗ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36.945 മെട്രിക് ടണ്ണിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇതുവഴി ഈ നവംബർ വരെയുള്ള ഇന്ത്യൻ റെയിൽവേയുടെ വരുമാനം 1,10,007.5 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 1,05,905.1 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 4102. 445 കോടി രൂപയുടെ വർധന ഉണ്ടായി.
2023 നവംബറിൽ മാത്രം ഇന്ത്യൻ റെയിൽവേയിൽ 128.419 മെട്രിക് ടൺ ചരക്ക് ലോഡിംഗ് നടന്നു. 2022 നവംബറിൽ ഇത് 123.088 മെട്രിക് ടൺ ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലോഡിംഗിൽ 4.33 ശതമാനമാണ് വർധന ഉണ്ടായിട്ടുള്ളത്.
2023 – നവംബറിൽ ചരക്ക് ഗതാഗതം വഴി ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ചത് 14,077.94 കോടി രൂപയാണ്. 2022 നവംബറിൽ ഇത് 13,559.83 കോടി രൂപയായിരുന്നു. ഇക്കാലയളവിനിടയിലുള്ള വരുമാന വർധന 3.82 ശതമാനമാണ്.
ഈ രംഗത്തെ മറ്റ് സേവനദാതാക്കളുമായി മത്സരാധിഷ്ഠിത നിരക്കുകൾ ഏർപ്പെടുത്തിയും കൃത്യതയായ സേവനം ഉറപ്പാക്കിയുമാണ് റെയിൽവേയ്ക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചത്. റെയിൽവേയുടെ ബിസിനസ് ഡെവലപ്പ്മെന്റ് യൂണിറ്റുകളുടെ ഉപഭോക്തൃ സൗഹൃദ സമീപനവും ശ്രദ്ധേയമായ ഈ നേട്ടത്തിന് പിന്നിലുണ്ട്. “ഹംഗ്രി ഫോർ കാർഗോ’ എന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ് ചരക്ക് ഗതാഗതം റെയിൽവേ പരമാവധി പ്രമോട്ട് ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു