ചുരാചന്ദ്പൂര്‍ : എട്ട് മാസത്തോളം മോര്‍ച്ചറികളില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ മണിപ്പൂരില്‍ കൂട്ടത്തോടെ സംസ്കരിച്ചു. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന്, മണിപ്പൂരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്. ഇവിടെ, നിന്നുളള കൊല്ലപ്പെട്ട 87 പേരെയാണിപ്പോള്‍ കൂട്ടമായി സംസ്‌കരിച്ചത്. ക്രിസ്ത്യന്‍ വിഭാഗമായ കുക്കി സോ സമുദായത്തില്‍ പെട്ടവരുടെ മൃതദേഹങ്ങളാണ് എട്ട് മാസത്തോളം മോര്‍ച്ചറികളില്‍ സൂക്ഷിച്ച ശേഷം ഇന്നലെ സംസ്‌കരിച്ചത്. കലാപത്തിനിടെ ഏറ്റവും വലിയ നഷ്ടമുണ്ടായത് മണിപ്പൂര്‍ ചുരാചന്ദ്പൂര്‍ ജില്ലയിലാണെന്നാണ് റിപ്പോര്‍ട്ട്.
മെയ് 11 ന് കൊല്ലപ്പെട്ട ഒരു മാസം പ്രായമുള്ള കുഞ്ഞ് ബേബി ഐസക്കും എട്ട് സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. ബാക്കിയുള്ളവര്‍ 18 നും 87 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ചുരാചന്ദ്പൂരിലെ കുക്കി-സോ സംഘടനകളുടെ ഫോറമായ ഇൻഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. സംസ്കാര ചടങ്ങിന് ആയിരക്കണക്കിന് ഗ്രാമീണരും കുടുംബാംഗങ്ങളും തുയിബുവോങ്ങിലെ പീസ് ഗ്രൗണ്ടില്‍ ഒത്തുകൂടി. അന്തിമ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കര്‍ശന സുരക്ഷാ നടപടികള്‍ക്കിടയാണ് ചടങ്ങ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. മേയ് മുതല്‍ വംശീയ കലാപം തുടങ്ങിയ മണിപ്പൂരില്‍, സംഘര്‍ഷത്തിന് നേരിയ ശമനമുണ്ടാകുമ്ബോഴേക്കും പുതിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. തിങ്കളാഴ്ച ചുരാചന്ദ്പുരിലെ വിവിധയിടങ്ങളില്‍ അക്രമമുണ്ടായി. തിംഗ്കംഗ്ഫായ് ഗ്രാമത്തിലാണ് കാര്യമായ ആക്രമണങ്ങളുണ്ടായത്.
രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടാകാനുള്ള സാഹചര്യമുള്ളതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ല മജിസ്ട്രേറ്റ് ഉത്തരവില്‍ പറഞ്ഞു. ഇതിന് 2024 ഫെബ്രുവരി 18വരെ പ്രാബല്യമുണ്ടാകും. അഞ്ചോ അതിലധികമോ ആളുകള്‍ സംഘടിക്കുന്നതിനും ആയുധങ്ങള്‍ കൊണ്ടു നടക്കുന്നതിനും വിലക്കുണ്ട്. സമാധാനം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ അവകാശപ്പെടുന്നു.