ന്യൂഡൽഹി: പാർലമെന്റിൽനിന്ന് എംപിമാരെ പുറത്താക്കിയതിൽ ചർച്ചകൾ നടക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറിനെ പരിഹസിച്ച് മിമിക്രി നടത്തിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.
ആര്, എങ്ങനെ അപമാനിച്ചു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുചോദ്യം. “എംപിമാർ അവിടെ ഇരിക്കുകയായിരുന്നു. ഞാനവരുടെ വിഡിയോയാണു ചിത്രീകരിച്ചത്, അത് എന്റെ ഫോണിലുണ്ട്. മാധ്യമങ്ങൾ ഇത് കാണിക്കുന്നുണ്ട്. ആരും ഒന്നും പറഞ്ഞിട്ടില്ല.
ഞങ്ങളുടെ 150 എംപിമാരെയാണു പുറത്താക്കിയത്. മാധ്യമങ്ങളിൽ അതിനെക്കുറിച്ചു ചർച്ചയില്ല. അദാനിയെക്കുറിച്ചും റഫാൽ വിഷയത്തിലും തൊഴിലില്ലായ്മയിലും ചർച്ചയില്ല. ഞങ്ങളുടെ എംപിമാർ നിരാശരായി അവിടെ ഇരിക്കുകയാണ്. എന്നാൽ നിങ്ങൾ ആ മിമിക്രിയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്’– രാഹുൽ പറഞ്ഞു
അദാനിയെക്കുറിച്ചും റഫാൽ വിഷയത്തിലും തൊഴിലില്ലായ്മയെക്കുറിച്ചും എന്തെങ്കിലും വാർത്ത കൊടുക്കണമെന്നും അത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും രാഹുൽ പറഞ്ഞു.
തൃണമൂൽ എംപി കല്യാൺ ബാനർജി ജഗദീപ് ധൻകറിനെ പരിഹാസരൂപേണ അനുകരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോ ബിജെപി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവയ്ക്കുകയും ചെയ്തു. ജഗദീപ് ധൻകർ സംസാരിക്കുന്നതും ആംഗ്യം കാണിക്കുന്നതും മുഖഭാവങ്ങളും ഉള്‍പ്പെടെയായിരുന്നു കല്യാണിന്റെ പ്രകടനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു