കോട്ടയം: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്.
ഭൂമി ഏറ്റെടുമ്പോൾ സമഗ്രമായ നഷ്ടപരിഹാര പാക്കേജ് തയാറാക്കണം എന്നാണ് നിർദേശം. കൃത്യമായ നഷ്ടപരിഹാരം, സമയ ബന്ധിത പുനരധിവാസം എന്നിവ ജനങ്ങൾ പ്രതീക്ഷിക്കുന്നതായി സാമൂഹ്യ ആഘാത പഠന റിപ്പോർട്ടിൽ പറയുന്നു.
പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ കേന്ദ്ര അനുമതികള്‍ ഇനിയും ലഭിക്കാനുണ്ട്. ഭൂമിയുടെ അതിര്‍ത്തിനിര്‍ണയം അംഗീകരിച്ചാല്‍ പ്രതിരോധ മന്ത്രാലയം, വ്യോമയാനമന്ത്രാലയം എന്നിവയുടെ അനുമതിയും ആവശ്യമാണ്. അതിനുശേഷമാണ് വിശദപദ്ധതിരേഖ തയ്യാറാക്കുക.
സമഗ്രമായ കേരള നഗരനയ കമ്മീഷൻ രൂപീകരിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. എം. സതീഷ് കുമാര്‍ അധ്യക്ഷനായ കമ്മീഷൻ ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അര്‍ബന്‍ കമ്മീഷന് രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് സർക്കാർ അവകാശപ്പെട്ടു. സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിന്റെ രൂപീകരണവും നടത്തിപ്പും സംബന്ധിച്ച് കെ – ഡിസ്ക്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി എന്നിവർ ചേർന്ന് ഒപ്പിടേണ്ട ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു.
ശബരിമല വിമാനത്താവള പദ്ധതി വിഭാവനം ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിലും റണ്‍വേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിര്‍ത്തി നിര്‍ണയിച്ച് അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവള പദ്ധതിയുടെ റണ്‍വേക്കായി ജനവാസമേഖലയില്‍ ഏറ്റെടുക്കുന്നത് 165 ഏക്കർ ഭൂമിയാണ്. 307 ഏക്കറാണ് സര്‍ക്കാര്‍ ആദ്യം നോട്ടിഫൈ ചെയ്തത്. എന്നാല്‍, റണ്‍വേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ അതിര്ത്തിനിര്ണയത്തില് ഉദ്യോഗസ്ഥര്‍ നിജപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു