തിരുവനന്തപുരം, ഡിസംബർ 19, 2023: ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ പമ്പിങ്ങ് 30 ശതമാനമായി കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന കൊല്ലം സ്വദേശിയിൽ നൂതന കീഹോൾ പ്രൊസീജിയർ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ലോട്ട്-സി.ആർ.ടി.പി പ്രൊസീജിയറിലൂടെയാണ് ഹൃദയത്തിന്റെ പമ്പിങ് ശേഷി പൂർവസ്ഥിതിയിലാക്കിയത്. ഹൃദയപേശികളിലേക്ക് വൈദ്യുത തരംഗങ്ങൾ എത്താത്തതിനാൽ രക്തം പമ്പ് ചെയ്യുന്ന ഹൃദയ അറ തകരാറിലാകുന്ന രോഗാവസ്ഥയാണിത്. ഒരു പേസ്മേക്കറിന്റെയും പ്രത്യേകതരം വയറിന്റെയും സഹായത്തോടെ വൈദ്യുത തരംഗങ്ങൾ പൂർവസ്ഥിതിയിലാക്കുന്നതാണ് പ്രൊസീജിയർ.
പമ്പിങ് ശേഷി സാധാരണ നിലയിൽ 60 ശതമാനമാണ്, അതിൽ നിന്നും 30 ശതമാനമായി താഴുകയായിരുന്നു. അടിയന്തര ഇടപെടലാണ് ഈ സാഹചര്യത്തിൽ സഹായകമായതെന്നും ഹൃദയത്തിന്റെ പമ്പിംഗ് ശേഷി ഇതിലും കുറയുകയാണെങ്കിൽ, ഹൃദയസ്തംഭനം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് പ്രൊസീജിയറിന് നേതൃത്വം നൽകിയ കാർഡിയോളജി ആൻഡ് ഇലക്ട്രോഫിസിയോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. അനീസ് താജുദീൻ പറഞ്ഞു.
അമിതമായ കിതപ്പിനെ തുടർന്നാണ് 42 വയസ്സുകാരൻ ആശുപത്രിയിലെത്തുന്നത്, രോഗിയിൽ നടത്തിയ വിശദ പരിശോധനയിൽ ഹൃദയ അറകളിലേക്ക് വൈദ്യുത തരംഗങ്ങലെത്തിക്കുന്ന കോശസമൂഹമായ ഇടത് ബണ്ടിൽ ബ്രാഞ്ചിൽ, ബ്ലോക്ക് കണ്ടെത്തുകയായിരുന്നു. പേസ്‌മേക്കർ വയറിന്റെ സഹായത്തോടെ ഈ ബ്ലോക്ക് പരിഹരിക്കുകയും വൈദ്യുത തരംഗങ്ങൾ പുനഃസ്ഥാപിക്കുകയുമായിരുന്നു. പരമ്പരാഗത ചികിത്സാരീതികളിൽ രോഗി ആജീവനാന്തകാലം മരുന്നുകളെടുക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. എന്നാൽ ഈ പ്രൊസീജിയറിലൂടെ പമ്പിംഗ് പൂർവസ്ഥിതിയിലേക്ക് എത്തുന്നു, അതിനാൽ പിന്നീട് മരുന്നുകൾ ആവശ്യമായി വരുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന നേട്ടം, ഡോക്ടർ കൂട്ടിച്ചേർത്തു.
മറ്റ് സങ്കീർണ്ണതകൾ ഇല്ലാതിരുന്നതും, രക്തക്കുഴലുകളിൽ ബ്ലോക്കുകളില്ലാതിരുന്നതും പ്രൊസീജിയറിന്റെ വിജയത്തിൽ നിർണ്ണായകമായി. ഇംപ്ലാൻറ് പൂർത്തിയായി ഒരു മാസത്തിനുള്ളിൽ പമ്പിങ് ശേഷി പൂർവസ്ഥിതിയിലാകുകയും ഹൃദയത്തിന്റെ വലിപ്പം സാധരണ നിലയിലാകുകയും ചെയ്തു. കാർഡിയക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. അനിൽ രാധാകൃഷ്ണൻ പിള്ള, ഡോ. സുബാഷ് എസ് എന്നിവരും മൂന്ന് മണിക്കൂറോളം നീണ്ട് നിന്ന പ്രൊസീജിയറിന്റെ ഭാഗമായി.