ഹിന്ദുക്കള്‍ ഹലാല്‍ മാംസം കഴിക്കരുതെന്നും ഒറ്റയടിക്ക് കൊല്ലുന്ന മൃഗങ്ങളുടെ മാംസമായ ‘ജത്ഖ’ മാത്രമാണ് കഴിക്കേണ്ടതെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ്. മുതിര്‍ന്ന ബിജെപി നേതാവായ സിംഗ് തന്റെ പാര്‍ലമെന്റ് മണ്ഡലമായ ബെഗുസാരായില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഹലാല്‍ മാംസം കഴിച്ച് ഇനി മുതല്‍ തങ്ങളുടെ ധര്‍മ്മം നശിപ്പിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാൻ തന്റെ അനുയായികളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
‘ ഹലാല്‍ മാംസം മാത്രം കഴിക്കുന്ന മുസ്ലീങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഇപ്പോള്‍ ഹിന്ദുക്കളും അവരുടെ സ്വന്തം മതപാരമ്പര്യങ്ങളോട് സമാനമായ പ്രതിബദ്ധത പ്രകടിപ്പിക്കണം. ‘ജത്ഖ’യാണ് ഹൈന്ദവരുടെ കശാപ്പ് രീതി. ഹിന്ദുക്കള്‍ ‘ബലി’ (മൃഗബലി) നല്‍കുമ്പോഴെല്ലാം മൃഗങ്ങളെ ഒറ്റയടിയ്ക്കാണ് കൊല്ലുന്നത്. അവര്‍ എപ്പോഴും ജത്ഖയില്‍ ഉറച്ചുനില്‍ക്കണം,” എന്നും സിംഗ് പറഞ്ഞു. അറവുശാലകളും ജത്ഖ മാംസം മാത്രം വില്‍ക്കുന്ന കടകളും സ്ഥാപിക്കുന്ന ഒരു പുതിയ ബിസിനസ് മോഡലിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കൂടാതെ ‘ഹലാല്‍’ എന്ന് ലേബല്‍ ചെയ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിംഗ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയിരുന്നു. അതേസമയം പാര്‍ലമെന്റില്‍ അടുത്തിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വൈകിയുള്ള പ്രതികരണത്തെയും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവുമായി പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെ ബന്ധിപ്പിച്ചതിനായിരുന്നു വിമര്‍ശനം. കൂടാതെ ഇത്തരം ആളുകളോട് രാഹുല്‍ ഗാന്ധി അനുഭാവം പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ലെന്നും നേരത്തെ ജെഎൻയു കാമ്ബസിനുള്ളില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവരോട് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു എന്നും സിംഗ് ചൂണ്ടിക്കാട്ടി.