‘1995ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണൻറെ ‘കഥാപുരുഷൻ’ എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് അഭിരാമിയുടെ തുടക്കം. ശ്രദ്ധ,ഞങ്ങൾ സന്തുഷ്ടരാണ്,പത്രം,മില്ലെനിയം സ്റ്റാഴ്സ് തുടങ്ങി ഒരുപിടി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിരാമി തിളങ്ങി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്നു.
സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് പഠിക്കാനായി താരം അമേരിക്കയിലേക്കു പറന്നത്. പത്തു വർഷത്തിനുശേഷം ‘അപ്പോത്തിക്കിരി’ എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചെത്തിയെങ്കിലും അമേരിക്കൻ ജീവിതത്തിനിടെ അഭിരാമിക്ക് സിനിമയിൽ സജീവമാകാൻ സാധിച്ചില്ല.
ആ സമയത്താണ് മഴവിൽ മനോരമയിലെ മെയ്‌ഡ് ഫോർ ഈച്ച് അദർ എന്ന പരിപാടിയുടെ അവതാരകയായത്. ‘‘ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ഒരു പരിപാടിയായിരുന്നു അത്, അഭിരാമി പറയുന്നു . സത്യത്തിൽ മറ്റൊരു തലമുറയിലെ കുട്ടികൾക്കിടയിലേക്ക് എത്താൻ ആ പരിപാടി അഭിരാമിയെ സഹായിച്ചു. ഇപ്പോഴിതാ ‘ഗരുഡൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മടങ്ങിവന്നിരിക്കുന്നു
മലയാള സിനിമ പശ്ചാത്തലം ഇല്ലാതിരുന്ന അഭിരാമി പത്രത്തിൽ പരസ്യം കണ്ടാണ് തിരുവനന്തപുരത്തെ ‘കഥാപുരുഷ’ന്റെ ഓഡിഷനിൽ എത്തിയത്. അവിടെ എത്തിയപ്പോൾ അഞ്ഞൂറിലധികം കുട്ടികൾ. അടൂർ ഗോപാലകൃഷ്ണൻ ആരാണെന്നുപോലും തനിക്ക് അപ്പോൾ അറിയില്ലായിരുന്നെന്നും ആരും തന്നോട് അപ്പോൾ പറഞ്ഞില്ല എന്നും അഭിരാമി പറയുന്നു.അകത്തേക്കു വിളിപ്പിച്ചു. ഒന്നു രണ്ട് സീൻ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. ‘മീശ കിളിക്കാനേയ് കരടി നെയ് പുരട്ടിയ കാര്യം ഞാൻ പറഞ്ഞു കൊടുക്കുമല്ലോ’ എന്ന ഡയലോഗും അഭിരാമിയെക്കൊണ്ട് പറയിപ്പിച്ചു.
അങ്ങനെയാണ് കഥാപുരുഷനിൽ എത്തുന്നതും മലയാള സിനിമയിലേക്ക് തൻ്റെ ആദ്യ ചുവടുവെപ്പ് വെക്കുന്നതും. ആ ചിത്രത്തിൽ തൻ്റെ സമപ്രായക്കാരായ വേറെയും കുട്ടികളുണ്ടായിരുന്നതായും കൂടുതൽ സമയവും അവിടെ അവരുമൊത്തു കളിയായിരുന്നു അഭിരാമി പറയുന്നു. ഇടയ്ക്ക് ഷോട്ടിനു വിളിക്കുമ്പോൾ ചെന്ന് അഭിനയിക്കും, വീണ്ടും കളിക്കാൻ പോകും. നായകനായി അഭിനയിച്ച വിശ്വനാഥൻ ചേട്ടന്റെ ഒരു സീൻ 26 ടേക്ക് എടുത്തു.
അതുകണ്ട് കുറച്ചു പേടിച്ചു. എന്തിനാണ് ഇത്രയും തവണ ചെയ്യിക്കുന്നത് എന്നു കരുതി. പക്ഷേ, അടൂർ സാറിന് മനസ്സിലുള്ളതു കിട്ടുംവരെ അത് ചെയ്യിപ്പിക്കും. വർഷങ്ങൾക്ക്‌ശേഷം അമേരിക്കയിലേക്കു പഠിക്കാൻ പോകുന്ന സമയത്ത് യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാൻ അടൂർ സാറിന്റെ കയ്യിൽനിന്ന് ഒരു ശുപാർശ കത്ത് വാങ്ങിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നതായും അന്ന് അദ്ദേഹം ഒരുപാട് സ്നേഹത്തോടെയും വാത്സല്യത്തോടെയും സംസാരിച്ച്, അനുഗ്രഹിച്ചാണ് തന്നെ പറഞ്ഞയച്ചതെന്നും അഭിരാമി ഓർക്കുന്നു.