ചെന്നൈ: തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത ഏഴു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.
തെക്കന്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രഫഷനല്‍ കോളേജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്നാടിന്റെ തെക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ തമിഴ്നാട്ടിലെയും പുതുച്ചേരി, കരയ്ക്കല്‍ എന്നിവിടങ്ങളിലെയും ചില പ്രദേശങ്ങളിലും ഞായറാഴ്ച മഴ തുടരും. കന്യാകുമാരി, പുതുക്കോട്ടൈ, തിരുനല്‍വേലി, തെങ്കാശി ജില്ലകളിലെ ചില സ്ഥലങ്ങളിലുംഈ ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാഗപട്ടണം, പുതുകോട്ടൈ, തഞ്ചാവൂര്‍, രാമനാഥപുരം, വിരുദുനഗര്‍, തിരുവാരൂര്‍ എന്നീ ജില്ലകളിലെ ചിലയിടങ്ങളിലും കനത്ത മഴ പെയ്തേക്കും.
തെക്കന്‍ തമിഴ്നാടിലെ മിക്ക സ്ഥലങ്ങളിലും, പുതുച്ചേരി, കാരയ്ക്കല്‍ തുടങ്ങി ചില വടക്കു പ്രദേശങ്ങളിലും തിങ്കളാഴ്ച മഴ മുന്നറിയിപ്പുണ്ട്. അന്നേദിവസം കന്യാകുമാരി, തിരുനല്‍വേലി, തൂത്തുകുടി, തെങ്കാശി ജില്ലകളിലെ ചില സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്കും, രാമനാഥപുരം, ശിവഗംഗൈ, വിരുദുനഗര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ, തേനി ജില്ലകളില്‍ തീവ്രമഴയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച പുതുച്ചേരി, കാരയ്ക്കല്‍, വടക്കന്‍ തമിഴ്നാട് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ മഴയ്ക്കും, മറ്റുചില സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. പുതുച്ചേരി, കാരയ്ക്കല്‍ എന്നിവയ്ക്കു പുറമെ തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിലും ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴതുടര്‍ന്നേക്കും.
കനത്ത മഴയെതുടര്‍ന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തിൽ സന്ദർശകരെ വിലക്കി. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാദൗത്യത്തിൽ സജീവമാണ്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു