കോഴിക്കോട്: എസ്എഫ്ഐ പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തി. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ അകത്തുകയറ്റില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ പ്രവർത്തകർ സമരം തുടരുന്നതിനിടെയാണ് കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ഗവർണർ അകത്തു പ്രവേശിച്ചത്.
പ്രതിഷേധത്തെ പൂർണമായും അവഗണിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. എവിടെയാണ് പ്രതിഷേധം? എനിക്ക് പ്രതിഷേധത്തെ കുറിച്ച് അറിയില്ല. ഞാൻ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഗവർണർ മാധ്യമങ്ങളെ കണ്ട ശേഷം പ്രതികരിച്ചു. ക്യാമ്പസിലെ കാവിവത്കരമെന്ന എസ് എഫ് ഐ ആരോപണത്തിൽ ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാൻ അവർ ആരെന്നായിരുന്നു ഗവണറുടെ മറുപടി. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൂടി വന്നു. പല ഇടങ്ങളിൽ നിന്ന് എനിക്ക് നിർദേശം വരും. ഏത് സ്വീകരിക്കണമെന്ന് എൻ്റെ വിവേചനാധികാരമാണ്. അത് ചോദിക്കാൻ ഇവർ ആരാണ്? ഇന്ത്യൻ പ്രസിഡൻ്റിന് മാത്രമാണ് ഞാൻ ഉത്തരം നൽകേണ്ടത്. കേരളത്തിൽ നിരവധി പ്രാചീന ക്ഷേത്രങ്ങൾ ഉണ്ട്. അതും കാവി വത്കരണമാണോ? ഖുർആൻ പ്രകാരം കണ്ണിന് ഏറ്റവും നല്ല നിറം കാവിയാണെന്നും ഗവർണർ പറഞ്ഞു.
നിലവിൽ സർവകലാശാല കവാടത്തിന് പുറത്താണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ നിന്ന് വൈകിട്ട് ഏഴോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ, 7.15 ഓടെയാണ് സർവകലാശാലയിലെത്തിയത്.
എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. പ്രതിഷേധം കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ വന്‍ പൊലീസ് സന്നാഹമെത്തി. കാമ്പസിലേക്ക് പ്രവേശനവും പരിമിതപ്പെടുത്തി. ഗവര്‍ണറുടെ സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഗസ്റ്റ് ഹൗസിന് മുന്നിലും സുരക്ഷയുണ്ട്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കറുത്ത കൊടിയുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
കാലിക്കറ്റ് സർവകലാശാലാ സെമിനാർ കോംപ്ലക്‌സിൽ 18നു 2.30നു നടക്കുന്ന സനാതന ധർമപീഠത്തിന്റെ സെമിനാറിൽ പങ്കെടുക്കാനാണ് ഗവർണറെത്തുന്നത്. ഡൽഹിയിൽനിന്ന് ഇന്നു വൈകുന്നേരം കോഴിക്കോട്ടെത്തുന്ന ഗവർണർ സർവകലാശാലാ ഗസ്റ്റ് ഹൗസിൽ താമസിക്കും. പിറ്റേന്നു വിവാഹച്ചടങ്ങുകൾ ഉൾപ്പെടെ ചില പരിപാടികളിൽ പങ്കെടുക്കും. 3 ദിവസം ഗവർണർ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ഉണ്ടാകും.
ഗവർണർ എത്തുന്നതു പ്രമാണിച്ച് കനത്ത സുരക്ഷാ ക്രമീകരണത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും യോഗത്തിൽ തീരുമാനിച്ചിരുന്നു. ക്യാംപസിലും ഗവർണറുടെ സഞ്ചാരപാതയിലും പൊലീസ് ഉണ്ടാകും. മഫ്‌തിയിലും പൊലീസ് സേവനം ഉറപ്പാക്കും. ആരോഗ്യ വകുപ്പ്, റവന്യൂ, അഗ്‌നിരക്ഷാ സേന തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും യൂണിവേഴ്സിറ്റിയിലെ യോഗത്തിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു