തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ വിവാദങ്ങൾ തുടരുമ്പോൾ ചെയർമാൻ രഞ്ജിത്ത് പുറത്തേക്കോ? അക്കാദമിയിൽ ജനറൽ കൗൺസിൽ അംഗങ്ങളും തമ്മിലുള്ള പോര് പരസ്യമായ സാഹചര്യമാണ് നിലവിൽ. അതുകൊണ്ടു തന്നെ ചെയർമാനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതരെത്തുമെന്ന് സൂചന നൽകുന്ന പ്രതികരണമാണ് ഇന്ന് രാവിലെ മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് നടത്തിയത്.
ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിന് പറയാനുള്ളതും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണെല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ജനറൽ കൗൺസിൽ അംഗങ്ങളുമായി കൂടിയാലോചിക്കാതെ എക്സിക്യൂട്ടിവ് ബോർഡ് വിപുലപ്പെടുത്താനും ജനറൽ കൗൺസിൽ അംഗമായ കുക്കു പരമേശ്വരനെ ഭരണസമിതിയിലേക്ക് നാമനിർദേശം ചെയ്യാനുമുള്ള തീരുമാനമാണ് ഒരുവിഭാഗം അംഗങ്ങളെ ചൊടിപ്പിച്ചത്. ഇതോടെ ചെയർമാൻ രഞ്ജിത്തിനെതിരെ പരസ്യപ്രസ്താവനയുമായി ജനറൽ കൗൺസിൽ അംഗങ്ങൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. അക്കാദമിക്ക് ബൈലോയുണ്ടെന്നും അതുപ്രകാരമേ എക്സിക്യൂട്ടിവ് ബോർഡിലേക്ക് നാമനിർദേശം നടത്താൻ കഴിയൂവെന്നും ജനറൽ കൗൺസിൽ അംഗം മനോജ് കാന മാധ്യമങ്ങളോട് പറഞ്ഞു. വരിക്കാശ്ശേരി മനയിലെ ലൊക്കേഷനല്ല അക്കാദമിയെന്ന് രഞ്ജിത്ത് മനസ്സിലാക്കണം. അക്കാദമിയുടെ ഭരണസമിതിയായ എക്സിക്യൂട്ടിവിലേക്ക് കുക്കു പരമേശ്വരനെ നാമനിർദേശം ചെയ്യാനുള്ള തീരുമാനം ജനറൽ കൗൺസിലിൽ ചർച്ച ചെയ്തിട്ടില്ല. ഇതൊന്നും ഒരാൾക്ക് തീരുമാനിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രഞ്ജിത്തും വൈസ് ചെയർമാൻ പ്രേംകുമാറുമടക്കം ഒമ്പത് പേരാണ് അക്കാദമിയുടെ ഭരണസമിതിയായ എക്സിക്യൂട്ടിവ് ബോർഡിലുള്ളത്. സർക്കാർ നോമിനേറ്റ് ചെയ്യുന്ന 15 അംഗ ജനറൽ കൗൺസിൽ അംഗങ്ങളിൽനിന്ന് രണ്ടുപേരെ പിന്നീട് സർക്കാർ തന്നെ ഭരണസമിതിയിലേക്ക് നിയമിക്കും.
ലവിൽ സംവിധായകനും നടനുമായ ശങ്കർ രാമകൃഷ്ണനും പ്രകാശ് ശ്രീധറുമാണ് അത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ. മൂന്നാമത് ഒരാളെക്കൂടി ഉൾപ്പെടുത്തണമെങ്കിൽ ബൈലോ പരിഷ്കരിക്കേണ്ടിവരും. ഇതിന് ജനറൽ കൗൺസിലിൽ ഭൂരിപക്ഷത്തിന്റെ അംഗീകാരം വേണം. നിലവിൽ ഈ ഭൂരിപക്ഷം രഞ്ജിത്തിന് ഇല്ലെന്നാണ് വിമതവിഭാഗത്തിന്റെ വാദം. ചെയർമാൻ കാണിക്കുന്ന മാടമ്പിത്തരം വെച്ചുപൊറുപ്പിക്കില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും ജനറൽ കൗൺസിൽ അംഗവുമായ എൻ. അരുൺ പറഞ്ഞു. രഞ്ജിത്തിനെ സർക്കാർ തിരുത്തണം അല്ലെങ്കിൽ പുറത്താക്കണം. ഇതിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറല്ലെന്നും അരുൺ പറഞ്ഞു. എന്നാൽ, അക്കാദമിയിൽ ഭിന്നതയില്ലെന്നും കുക്കുവിനെ ഭരണസമിതിയിലേക്ക് ശിപാർശ ചെയ്തുകൊണ്ടുള്ള കത്ത് ഉടൻ സാംസ്കാരിക മന്ത്രിക്ക് നൽകുമെന്നും രഞ്ജിത്ത് പറഞ്ഞു. അക്കാദമിയിലെ ചേരിപ്പോര് ഒത്തുതീർക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു