കൊല്ലം: കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ് റദ്ദാക്കിയത്.
കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൈതാനം ക്ഷേത്രം വകയാണെന്നും അവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയാണ് നടത്തേണ്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നവകേരള സദസ്സ് നടക്കുന്നത് ക്ഷേത്രത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ദീപാരാധന ഉള്‍പ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന സമയത്താണ് നവകേരള സദസ്സ് നടക്കുന്നതെന്നും ക്ഷേത്രത്തിന്റെ പടനിലമെന്നറിയപ്പെടുന്ന സ്ഥലമാണ് മൈതാനമെന്നുമുള്ള കാര്യങ്ങളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രധാനമായും വ്യക്തമാക്കിയിരുന്നത്. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും.
അതേസമയം, മൈതാനം പുറമ്പോക്ക് എന്ന നിലയിലാണ് ഉള്ളതെന്നും ആരാധനയെ ബാധിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ, സർക്കാർ വാദങ്ങൾ തള്ളിയ കോടതി ദേവസ്വം ബോർഡ് ഉത്തരവ് റദ്ദാക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു