ആഗോള രാസ വ്യവസായ മേഖലയുടെ മാന്ദ്യാവസ്ഥ തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്. ലോകത്തിലെ പ്രധാനപ്പെട്ട ക്രെഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച് പ്രസിദ്ധികരിച്ച മേഖല തിരിച്ചുള്ള റിപ്പോർട്ടിലാണ് രാസ വ്യവസായ മേഖല സംബന്ധിച്ച മുന്നറിയിപ്പ്.
മേഖലയുടെ 2023ലെ സ്ഥിതി വിലയിരുത്തുമ്പോൾ കാര്യമാത്രമായ പുരോഗതി രേഖപ്പെടുത്തിയിതായി പ്രകടമല്ല. അതിനാൽ മന്ദ്യാവസ്ഥ നീണ്ടു നിൽക്കുവാനുള്ള സാധ്യതയാണ് ഫിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാസ ഉല്പന്നങ്ങളുടെ വില്പന പ്രതീക്ഷിക്കപ്പെട്ടതുപോലെ ഉയർന്നിട്ടില്ല. ചോദനം (demand) കുറഞ്ഞു. പക്ഷേ പ്രദാനം (Supply ) ഗണ്യമായി ഉയർന്നു. ഇത് പക്ഷേ മേഖലയുടെ തളർച്ചയുടെ തുടർച്ചക്ക് കാരണമായിട്ടുണ്ട്.
പണപ്പെരുപ്പവും ഉയർന്ന പലിശ നിരക്കും പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥകളെ പ്രതിസന്ധിലാഴ്ത്തിയതിൻ്റെ തിക്തഫലവും രാസ വ്യവസായ മേഖലയിലെ മന്ദ്യാവസ്ഥയുടെ തുടർച്ചക്ക് വഴിവച്ചു. പ്രതിക്ഷിക്കനുസൃതമായി ചൈനീസ് രാസ വ്യവസായ മേഖല ശുഭകരമായ ചലനങ്ങളുണ്ടാക്കിയിട്ടില്ലെന്നതും ആഗോള തളർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ആഗോള തലത്തിൽ തന്നെ ഈ മേഖലയുടെ ഉല്പാദന തോത് അധികരിച്ചു. ഇതാകട്ടെ വിപണിയിൽ അനാരോഗ്യകര മത്സര പ്രവണതക്ക് വഴിവച്ചു. ഇത് ഉല്പപന്നങ്ങൾ വില കുറച്ചു വിൽക്കേണ്ടതായ സമ്മർദ്ദമാണ് സൃഷ്ടിച്ചത്. പരിണിതിയായി മത്സരക്ഷമതയോടെ വിപണിയിൽ പിടിച്ചുനിൽക്കുവാനാകാത്ത അവസ്ഥ ഉല്പാദകരെ പരുങ്ങലിലാക്കി, പ്രത്യേകിച്ചും ഉയർന്ന ഊർജ്ജ വിലയെ തുടർന്ന് ഉല്പാദന ചെലവിൽ ഗണ്യമായി മാറ്റമുണ്ടായിട്ടുള്ള ഈ സാഹചര്യത്തിൽ.
അമിത പ്രദാനം, സാമ്പത്തിക അനിശ്ചിതാവസ്ഥകൾ, ഉയർന്ന വിപണി മത്സരം തുടങ്ങിയ അനുകൂലമല്ലാത്ത ഘടകങ്ങൾ തരണം ചെയ്യപ്പെടുന്നതിന് അനുസൃതമായി മാത്രമേ സ്ഥായിയായ വളർച്ച പ്രതിഫലിക്കൂവെന്നതും ഫിച്ച് റിപ്പോർട്ട് ചൂണ്ടി കാണികാണിക്കുന്നുണ്ട്.