പത്തനംത്തിട്ട: ശബരിമലയിലെ തീര്‍ത്ഥാടകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്. രാവിലെ പത്ത് മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം നടകേകുക. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസങ്ങിളിലെ തിക്കും തിരക്കും കൂടി തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മണിക്കൂറുകളോളമാണ് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നത്. അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും ശബരിമലയിലെ തിരക്ക് തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആര്‍ടിസി സര്‍വീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടാണ് പൊലീസ് നിലവില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
പ്ലാപള്ളി ഇലവുങ്കല്‍ പാതയില്‍ ഉള്‍പ്പെടെ വനമേഖലയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ത്ഥാടകര്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. രാവിലെ മുഖ്യമന്ത്രി അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ. അതേസമയം, തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് യുഡിഎഫ് സംഘം ഇന്ന് ശബരിമലയില്‍ എത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















