പ്രത്യേക ലേഖകൻ
2024 ൽ ആഗോള വളർച്ച 2.1 ശതമാനമായി കുത്തനെ കുറയുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ക്രെഡിറ്റ് റേറ്റിങ്ങ് ഏജൻസി ഫിച്ച് റേറ്റിങിൻ്റെ ഏറ്റവും പുതിയ ഗ്ലോബൽ ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ട്. ചൈനീസ് റിയൽ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യവും യൂറോസോൺ സമ്പദ്‌വ്യവസ്ഥയുടെ സ്തംഭനാവസ്ഥയും ആഗോള വളർച്ച പിന്നോട്ടടിക്കുന്നതിൻ്റെ ലക്ഷണങ്ങളാണ്. ഇതിൻ്റെ പ്രതിഫലനമായി രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക ഞെരുക്കത്തിൻ്റെ പൂർണ്ണമായ ആഘാതം ഇനിയും അനുഭവപ്പെടാനുണ്ടെന്നാണ് ക്രെഡിറ്റ് റേറ്റിങ് മേഖലയിലെ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഫിച്ച് റേറ്റിങ് മുന്നറിയിപ്പു നൽകുന്നത്. യൂറോപ്പിന്റെ സമ്പദ്‌വ്യവസ്ഥ ശ്രദ്ധേയമായ വളർച്ച കൈവരിച്ചിട്ടില്ല. ലോകവ്യാപാരത്തിലെ തളർച്ച യൂറോപ്യൻ രാഷ്ട്രങ്ങളുടെ കയറ്റുമതിയെ ബാധിക്കുന്നു. കമ്പനികൾക്ക് ബാങ്ക് വായ്പ നൽകു ന്നതിൽ കുറവുണ്ടായി. ഇത് നിക്ഷേപത്തെ ബാധിക്കുന്നു.
ചൈനീസ് വളർച്ച 2024-ൽ 4.6 ശതമാനമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. ഓഗസ്റ്റ് മുതൽ സർക്കാർ സാമ്പത്തിക ഉത്തേജക പിന്തുണ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ച തടയുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല. ഇതിനുപുറമെ, ബഹുരാഷ്ട്ര കമ്പനികൾ ഉല്പാദന ചെലവ് കുറഞ്ഞ രാഷ്ട്രങ്ങളിൽ നിക്ഷേപ സാധ്യതകൾ തേടുന്നതിൻ്റെ വേഗതയേറിയിട്ടുണ്ട്. ഈയവസ്ഥ ലോകത്തിൻ്റെ ഉല്പാദന ഹബ്ബ് എന്നറിയപ്പെടുന്ന ചൈനയുടെ വളർച്ച ദുർബ്ബലമാകുന്നതിന് കാരണമാകും.
2024-ൽ ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് വേൾഡ് ഇക്കണോമിക് ഫോറവും പ്രവചിക്കുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഏറ്റവും പുതിയ ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്‌ലുക് സർവേയിൽ പങ്കെടുത്തത്തവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് ആഗോള സാമ്പത്തിക സാധ്യതകളുണ്ടെന്നു തന്നെയാണ്.
ആഗോള വളർച്ച ഈ വർഷത്തെ 2.9 ശതമാനത്തിൽ നിന്ന്അടുത്തവർഷം 2.6 ശതമാനമായി കുറയും. ലോകം മാന്ദ്യത്തിലേക്ക് വീഴുന്നത് ഒഴിവാകുമെന്ന് സാമ്പത്തിക വിദഗ്ധർ പൊതുവെ സമ്മതിക്കുന്നുണ്ടെങ്കിലും യൂറോപ്പിലും യുകെയിലും മാന്ദ്യ സാധ്യത തള്ളി കളയുന്നില്ല. ഫെഡറൽ റിസർവിന്റെ പലിശ നിരക്കുകളിലെ അനിശ്ചിതത്വം യുഎസ് വളർച്ചയെ പ്രതിയുള്ള പ്രവചനത്തെ പ്രയാസകരമാക്കുന്നുവെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്.
ഉയർന്ന പലിശനിരക്ക്, വർദ്ധിച്ചുവരുന്ന ഊർജ വില, ലോകത്തിലെ ഏറ്റവും മികച്ച യു എസ്- ചൈനീസ് സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം എന്നിവ കാരണം ആഗോള സാമ്പത്തിക വളർച്ച 2024-ൽ കൂടുതൽ മന്ദഗതിയിലാകുമെന്ന് ബാങ്കുകകളും പറയുന്നു. ഭൗമ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ഉക്രെയ്നിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധങ്ങളും വരും നാളുകളിലെ ആഗോള സാമ്പത്തിക സ്ഥിതി വഷളാകുന്നതിന് കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു