കൊച്ചി : പെരുമ്പാവൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസ്, ചേര്‍ത്തല സ്വദേശി ദേവകുമാര്‍, ഇടുക്കി സ്വദേശി ജിബിൻ, ചേരാനല്ലൂര്‍ സ്വദേശി ജെയ്ഡൻ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കുറുപ്പുംപടി പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു പെരുംബാവൂർ ഓടക്കാലിയില്‍ വച്ചായിരുന്നു ഷൂ എറിഞ്ഞത്. നവകേരള ബസ്സിന് നേരെയും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുമായിരുന്നു ഷൂ എറിഞ്ഞത്.അതിനിടെ പെരുമ്പാവൂരില്‍ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു മര്‍ദനം. കെ.എസ്.യു, കോണ്‍ഗ്രസ് പതാകകളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ചു.
കെ.എസ്.യു പ്രതിഷേധത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഏറിലേക്ക് പോയാല്‍ അതിന്റേതായ നടപടികള്‍ സ്വാഭാവികമായി സ്വീകരിക്കേണ്ടിവരുമെന്നും അപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് ഇവരുടെ പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ല. എന്താണീ കോപ്രായമെന്ന രീതിയില്‍ നാട്ടുകാര്‍ അവരെ അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
read also:വഴുക്കുംപാറ മേൽപ്പാലം വിള്ളൽ: കാരണക്കാർ ജനങ്ങളെന്ന് കേന്ദ്ര ഗതാഗത മന്ത്രി
അതേസമയം, നവകേരള സദസ്സിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കരിങ്കൊടികൊണ്ട് മാത്രം പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ അതിനെ കയ്യൂക്ക് കൊണ്ട് നേരിടാൻ തീരുമാനിച്ച കേരളത്തിലെ ഡി.വൈ.എഫ്.ഐക്കും കേരള പൊലീസിനും എതിരെയുള്ള പ്രതികരണം കൂടിയാണ് മുഖ്യമന്ത്രിക്ക് നേരെ നടന്ന ഷൂ ഏറ്. സംസ്ഥാന വ്യാപകമായി അത് തുടരുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















