നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചർച്ചയായ മുന്നണി ബാന്ധവമായിരുന്നു ട്വൻ്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുണ്ടായത്. 2022 മേയ് 15ന് കിഴക്കമ്പലത്ത് വച്ചാണ് സഖ്യം പ്രഖ്യാപിച്ചത്. എന്നാൽ വെറും ഒന്നരവർഷം മാത്രം ആയുസ്സോടെ ഈ സഖ്യം ഇപ്പോൾ അകാലചരമമടഞ്ഞിരിക്കുകയാണ്. ട്വൻ്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ചതായി ട്വൻ്റി 20 പ്രസിഡൻ്റ് സാബു എം ജേക്കബ് അറിയിച്ചു. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന പേരിലാണ് ഇരു പാര്‍ട്ടികളും ചേര്‍ന്നു സഖ്യമുണ്ടാക്കിയത്. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
ഈ സഖ്യം വലിയൊരു അബദ്ധമായിരുന്നു എന്നാണ് സാബു ജേക്കബ് പറയാതെ പറഞ്ഞുവെക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും മുന്നണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോ പൊതുപരിപാടി തയാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. സംഘടനാപരവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ടാണ് രണ്ടു പാര്‍ട്ടികള്‍ക്കും ആശയപരമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതെന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി.
സഖ്യം രൂപീകരിച്ചതിനു ശേഷം ട്വൻ്റി20 യും ആം ആദ്മി പാർട്ടിയും ആദ്യം നേരിട്ട തിരഞ്ഞെടുപ്പ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പായിരുന്നു. തൃക്കാക്കര മണ്ഡലത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട മുന്നണി പക്ഷേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താത്തത് വലിയ ചർച്ചയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണിക്കും പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കിയാണ് എഎപി- ട്വൻ്റി20 സഖ്യം രംഗത്തെത്തിയത്. നിലവിലെ സാഹചര്യങ്ങളും മുന്നോട്ടുള്ള വസ്തുതകളും വിലയിരുത്തി വേണം ജനക്ഷേമ മുന്നണിയിലെ പ്രവർത്തകർ വോട്ടുചെയ്യാനെന്നും ട്വൻ്റി20 കോഡിനേറ്റർ സാബു എം ജേക്കബ് അന്ന് പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തിരുന്നു.
READ ALSO…വിലക്കയറ്റ സാധ്യത; സവാളയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു
നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനിക്കാം. തൃക്കാക്കരയില്‍ ഏത് മുന്നണി വിജയിച്ചാലും കേരളത്തിൻ്റ സാമൂഹിക- സാമ്പത്തിക-വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും സാബു പറഞ്ഞു. പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച് വോട്ട് ചെയ്യണമെന്നും സാബു എം ജേക്കബും എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. എന്നാൽ തങ്ങൾ എന്തുകൊണ്ട് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല എന്നുള്ളതിന് കൃത്യമായ മറുപടികളൊന്നും ഇരു പാർട്ടികളും പറഞ്ഞിരുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു