തിരുവനന്തപുരം∙ മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ.റുവൈസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ‘ഭാവിയുടെ പ്രതീക്ഷയായ യുവ ഡോക്ടർ’– ഡോ.ഷഹ്നയെ പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
സ്ത്രീധനം ആവശ്യപ്പെട്ടുള്ള റുവൈസിന്റെ പ്രവൃത്തിയെ ‘അപരിഷ്കൃതം’ എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിവാഹം കഴിക്കുന്നതിന് റുവൈസിന്റെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഷഹ്ന ആത്മഹത്യ ചെയ്തത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
‘‘സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സ്ത്രീധനം പോലുള്ള വിപത്തിന്റെ വക്താവായി ഭാവി പ്രതീക്ഷയായ ഒരു യുവ ഡോക്ടറെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങൾക്ക് ഉത്തരവാദിയായി ആത്മഹത്യ പ്രേരണ നടത്തുകയും ചെയ്ത പ്രതിയുടെ നീചമായ പ്രവൃത്തി അപരിഷ്കൃതവും നിലവിലുള്ള നിയമങ്ങളുടെ ലംഘനം ആണ്’– എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സാമൂഹിക വിപത്തായ സ്ത്രീധനം ആവശ്യപ്പെട്ട പ്രതി സ്ത്രീധന നിരോധന നിയമപ്രകാരമുള്ള ഗുരുതര കുറ്റകൃത്യത്തിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ട് യുവ ഡോക്ടറുടെ മരണത്തിന് ഇരയാക്കിയ ആത്മഹത്യ പ്രേരണാക്കുറ്റമാണ് റുവൈസിനു മേൽ ചുമത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
‘പ്രതി സുഹൃത്തായ ഷഹ്നയെ വിവാഹ വാദ്ഗാനം നൽകി സൗഹൃദത്തിൽ കഴിഞ്ഞ ശേഷം വിവാഹം കഴിക്കുന്നതിന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി ബുദ്ധിമുട്ടിച്ചും ആയത് കൊടുക്കാൻ കഴിയാതെ കല്യാണം നടക്കില്ലെന്ന മനോവിഷമത്താൽ ഷഹ്ന ആത്മഹത്യ ചെയ്യുന്നതിന് ഇടയാക്കി ആത്മഹത്യാ പ്രേരണ നടത്തിയ സർജറി വിഭാഗം പിജി ഡോക്ടറായ ഡോ.ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് അപേക്ഷിക്കുന്നു’’എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
https://anweshanam.com/kerala/district-school-kalolsavam;-schools-in-kasargod-educational/cid12942119.htm
















