നാസയുടെ കൊമേർഷ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനിയായ ആസ്‌ട്രോബോട്ടിക് ടെക്‌നോളജി വികസിപ്പിച്ച പെരെഗ്രിൻ ലൂണാർ ലാന്റർ ഡിസംബർ 24 ന് വിക്ഷേപിക്കും. ഫ്‌ളോറിഡയിൽ കേപ്പ് കനവറൽ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ വുൾക്കാൻ സെന്റൊർ റോക്കറ്റിലാണ് വിക്ഷേപണം.ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകമായിരിക്കും പെരെഗ്രിൻ.
സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ ചാന്ദ്രദൗത്യങ്ങൾ നടത്തുന്നതിനുള്ള പദ്ധതിയാണ് കൊമേർഷ്യൽ ലൂണാർ പേ ലോഡ് സർവീസസ് ഇനിഷ്യേറ്റീവ്. 1.9 മീറ്റർ ഉയരവും 2.5 മീറ്റർ വീതിയുമുള്ള പേടകമാണ് പെരിഗ്രിൻ ലൂണാർ ലാൻഡർ. ഇതിൽ വിവിധ ശാസ്ത്ര പര്യവേക്ഷണ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടാവും. ചന്ദ്രനിലെ സൈനസ് വിസ്‌കോസിറ്റാറ്റിസ് പ്രദേശം ലക്ഷ്യമാക്കിയാണ് ലാൻഡർ വിക്ഷേപിക്കുക.
ചന്ദ്രന്റെ എക്‌സോസ്ഫിയറിനെ കുറിച്ച് പഠിക്കുക, ചന്ദ്രനിലെ റെഗോലിത്തിന്റെ താപഗുണങ്ങളും ഹൈഡ്രജൻ സാന്നിധ്യവും വിലയിരുത്തുക, കാന്തിക മണ്ഡലങ്ങളെ കുറിച്ച് പഠിക്കുക, വികിരണങ്ങളെ കുറിച്ച് പഠിക്കുക, പുതിയ സോളാർ പാനലുകൾ പരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പെരിഗ്രിൻ ദൗത്യം ആവിഷ്‌കരിച്ചിരിക്കുന്നത്.
ലേസർ റെട്രോ റിഫ്‌ളക്ടർ അരേ, ലീനിയർ എനർജി ട്രാൻസ്ഫർ സ്‌പെക്ട്രോമീറ്റർ, നിയർ ഇൻഫ്രാറെഡ് വൊളാറ്റിൽ സ്‌പെക്ട്രോമീറ്റർ സിസ്റ്റം, പ്രൊസ്‌പെട് ഐയോൺ-ട്രാപ്പ് മാസ് സ്‌പെക്ട്രോമീറ്റർ, ന്യൂട്രോൺ സ്‌പെക്ട്രോ മീറ്റർ ഉൾപ്പടെ 10 പേലോഡുകളാണ് പെരെഗ്രിൻ മിഷൻ 1 ദൗത്യത്തിൽ ചന്ദ്രനിൽ അയക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു