രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമല്‍ കളക്ഷന്‍ വാരിക്കൂട്ടി മുന്നേറുകയാണ്. അര്‍ജുന്‍ റെഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ രണ്‍ബീറിനൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു താരമാണ് തൃപ്തി ദിമ്രി. ചിത്രം റിലീസ് ചെയ്ത് അധികദിവസമാവുന്നതിന് മുന്നേതന്നെ രണ്‍ബീറും തൃപ്തിയും തമ്മിലുള്ള ഒരു ഇന്റിമേറ്റ് രംഗം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഈ രംഗം ചിത്രീകരിച്ചതെങ്ങനെയാണെന്നും സംവിധായകന്‍ തനിക്കുനല്‍കിയ പിന്തുണ എത്രമാത്രമായിരുന്നെന്നും അറിയിക്കുകയാണ് തൃപ്തി.
സോയ എന്ന കഥാപാത്രമായിരുന്നു തൃപ്തിയുടേത്. തന്റെ സൗകര്യം പരമാവധി ഉറപ്പുവരുത്തിയിട്ടാണ് രണ്‍ബീര്‍ കപുറുമൊത്തുള്ള കിടപ്പറ രംഗം ചിത്രീകരിച്ചതെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ഈ രംഗത്തേക്കുറിച്ച് സംവിധായകന്‍ വ്യക്തമായ ചിത്രം നല്‍കിയിരുന്നു. ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ് ഇമേജ് ആണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കംഫര്‍ട്ടാണെങ്കിലും അല്ലെങ്കിലും അത് തുറന്നുപറയണമെന്നും എല്ലാം തന്റെ സ്വാതന്ത്ര്യത്തിന് സംവിധായകന്‍ വിട്ടുതരികയാണുണ്ടായതെന്നും തൃപ്തി പറഞ്ഞു.
”റെഫറന്‍സുകള്‍ കണ്ടപ്പോള്‍ ശരിക്കും അതിശയിച്ചു. രണ്ടുകഥാപാത്രങ്ങള്‍ തമ്മിലുള്ള വളരെയേറെ പ്രാധാന്യമുള്ള രംഗമാണെന്ന് മനസിലായി. അതെന്നെ കംഫര്‍ട്ടബിളാക്കി. സെറ്റില്‍, നിങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധത പാലിക്കണം. നിങ്ങള്‍ സ്വയം മാറി ആ കഥാപാത്രമായിരിക്കണം. അതിന് പരിസ്ഥിതിക്ക് പോലും വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ എങ്ങനെ പരിഗണിക്കുന്നുവെന്നത് വളരെ പ്രധാനമാണ്.”
ഷൂട്ടിങ്ങ് സമയത്ത് ഓരോ അഞ്ചുമിനിറ്റ് കൂടുമ്പോഴും രണ്‍ബീര്‍ വന്ന് താന്‍ അസ്വസ്ഥയല്ലെന്ന് ഉറപ്പാക്കിയിരുന്നെന്നും തൃപ്തി പറയുന്നു. ”ബുള്‍ ബുളിലായാലും അനിമലില്‍ ആയാലും റേപ്പ് സീനാണ് ചിത്രീകരിക്കുന്നതെങ്കില്‍പ്പോലും എന്റെ സുഖവും സൗകര്യവും ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നു. സംവിധായകനും ഛായാഗ്രാഹകനും അഭിനയിക്കുന്നവരും ഉള്‍പ്പെടെ അഞ്ചില്‍ക്കൂടുതല്‍ പേര്‍ അവിടെ ഉണ്ടായിരുന്നില്ല. സെറ്റിലേക്ക് വേറെയാരെയും പ്രവേശിപ്പിച്ചിരുന്നില്ല. മോണിട്ടറുകള്‍ ഓഫാക്കിയിരുന്നു. എന്ത് രംഗമാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞുതരികയും എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് അവര്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.” തൃപ്തി ചൂണ്ടിക്കാട്ടി.
അനിമലിലെ പ്രകടനം ശ്രദ്ധേയമായതോടെ ആരാധകരും നിരൂപകരും നിറഞ്ഞ് അഭിനന്ദിക്കുകയാണ് തൃപ്തിയെ. കഥാപാത്രക്കേറുച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇതൊരു നെഗറ്റീവ് കഥാപാത്രമാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. പക്ഷേ ഈ കഥാപാത്രത്തിലെ നെഗറ്റീവ് പരിവേഷത്തിനപ്പുറം അവളിലെ നിഷ്‌കളങ്കതയാണ് പ്രേക്ഷകര്‍ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സോയയുടെ കണ്ണുകളില്‍ നായകനോടുള്ള സ്‌നേഹമാണ് വേണ്ടതെന്നും പറഞ്ഞിരുന്നു. അതൊരു വെല്ലുവിളിയായിരുന്നു. പക്ഷേ സോയയുടെ കണ്ണുകളില്‍ ആ സ്‌നേഹം പ്രേക്ഷകര്‍ അനുഭവിച്ചതില്‍ സന്തോഷമുണ്ടെന്നും തൃപ്തി ദിമ്രി കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















