തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടറുടെ ആത്മഹത്യക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് യുവഡോക്ടര്‍ ജീവനൊടുക്കാൻ കാരണം ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൃത്ത് വിവാഹാലോചനയില്‍ നിന്ന് പിൻമാറിയതിനാലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുവതിയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തുവന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനി ഡോ. ഷഹന(26)യാണ് ജീവനൊടുക്കിയത്. ഷഹനയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്.
















