തെൽഅവീവ്: പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടക്കമുള്ള വാർ കാബിനറ്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൊട്ടിത്തെറിച്ച് ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ. 60 ദിവസമായിട്ടും തങ്ങളുടെ പ്രിയപ്പെട്ടവരെ മോചിപ്പിക്കാത്ത നെതന്യാഹു സർക്കാറിനെതിരെ ഇവർ ആഞ്ഞടിച്ചു.
ബന്ദിമോചനം എന്ന് സാധ്യമാകും എന്ന കാര്യത്തിൽ പ്രധാനമന്ത്രിയിൽനിന്നും മന്ത്രിമാരിൽനിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കളിൽ ചിലർ യോഗത്തിനിടെ ഇറങ്ങിപ്പോയി. ഹമാസ് വിട്ടയച്ച ബന്ദികളും നിലവിൽ തടവിൽ കഴിയുന്ന ബന്ദികളുടെ ബന്ധുക്കളുമാണ് ചൊവ്വാഴ്ച വൈകീട്ട് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, മന്ത്രി ബെന്നി ഗാന്റ്‌സ് എന്നിവരടങ്ങുന്ന മന്ത്രിസഭാംഗങ്ങളുമായി ബന്ദിമോചനം സംബന്ധിച്ച് ചർച്ചക്കെത്തിയത്.
ഹമാസ് ആവശ്യപ്പെടുന്നത് പോലെ എല്ലാ ഫലസ്തീനി തടവുകാരെയും വിട്ടയച്ച് ബന്ദികളുടെ മോചനം സാധ്യമാക്കണമെന്ന് സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിനിടെ ബന്ദിയാക്കപ്പെട്ട യുവാവിന്റെ സുഹൃത്ത് ജെന്നിഫർ മാസ്റ്റർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. വൃത്തികെട്ടതും അപമാനകരവും കുഴപ്പം പിടിച്ചതുമായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്ന് ബന്ദികളിൽ ഒരാളായ ഒമ്രിയുടെ പിതാവ് ഡാനി മിറാൻ ഇസ്രയേൽ ചാനലായ ‘ചാനൽ- 13’നോട് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ തങ്ങളെ അവഹേളിച്ചതായും അതിനാൽ ഇടക്ക് വെച്ച് താൻ ഇറങ്ങിപ്പോന്നതായും അദ്ദേഹം പറഞ്ഞു.
“മീറ്റിങ്ങിൽ ചർച്ച ചെയ്തതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. പക്ഷേ, സർക്കാർ ഈ വിഷയത്തിൽ പ്രഹസനമാണ് നടത്തുന്നത്. വൃത്തികെട്ടതും അപമാനകരവും കുഴപ്പം പിടിച്ചതുമായിരുന്നു കൂടിക്കാഴ്ച. ഞങ്ങൾ ഇത് ചെയ്തു, ഞങ്ങൾ അത് ചെയ്തു എന്നാണ് അവർ (പ്രധാനമന്ത്രിയും മന്ത്രിമാരും) പറയുന്നത്. എന്നാൽ, അവർ ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ ആളുകളെ വിട്ടയച്ചത് ഹമാസിന്റെ ഗസ്സയിലെ നേതാവ് യഹ്‌യ സിൻവാറാണ്. അല്ലാതെ അവരല്ല. തങ്ങളാണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതെന്ന അവരുടെ അവകാശവാദം കേട്ടപേപാൾ എനിക്ക് രോഷം വന്നു. ഒന്നും അവരുടെ നിയന്ത്രണത്തിലല്ല’ – ഡാനി മിറാൻ പൊട്ടിത്തെറിച്ചു.
read also…യുവ ഡോക്ടര്‍ മരിച്ചത് അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച്; സാമ്പത്തികമായി ആരും സഹായിക്കാനില്ല; പ്രണയ വിവാഹത്തിന് സ്ത്രീധനം നൽകാൻ ശേഷിയില്ലെന്നും ആത്മഹത്യാ കുറിപ്പ്
ഒക്ടോബർ ഏഴിന് ഹമാസ് തടവിലാക്കിയ 247 ബന്ദികളിൽ 110 പേരെയാണ് ഇതുവരെ വിട്ടയച്ചത്. 137പേർ ഇപ്പോഴും ഹമാസിന്റെ രഹസ്യകേന്ദ്രങ്ങളിൽ കഴിയുകയാണ്. ഇവരുടെ മോചനം ആവശ്യപ്പെട്ട് നടത്തുന്ന “ബ്രിംഗ് ദേം ബാക്ക്” (ബന്ദികളെ തിരികെ കൊണ്ടുവരൂ) എന്ന കാമ്പെയ്‌ൻ പ്രതിനിധികളുമായാണ് ഇസ്രായേലിന്റെ യുദ്ധ കാബിനറ്റിലെ മന്ത്രിമാർ ഇന്നലെ അടച്ചിട്ട റൂമിൽ ചർച്ച നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു