കോഴിക്കോട്: വ്യാജ തെരഞ്ഞെടുപ്പ് കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും തമ്മില്‍ പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം.അതു കൊണ്ടാണ് വിഷയത്തില്‍ ബിജെപി മൗനം പാലിക്കുന്നത്. ആദ്യം ഈ വിഷയം ഉന്നയിച്ച ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ ഇപ്പോള്‍ മിണ്ടാത്തത് അതിന്റെ തെളിവാണ്. അന്വേഷണം ശരിയായി പോയാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ജയിലില്‍ ചേരുമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
യൂത്ത് ലീഗിന്റെ യുവ ഭാരത് യാത്രയില്‍ പങ്കെടുക്കാന്‍ ഡിവൈഎഫ്ഐക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. യൂത്ത് ലീഗിന്റെ യുവ ഭാരത് യാത്രയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചാല്‍ അപ്പോള്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ഡിവൈഎഫ് ഐ നേതാക്കള്‍ പറഞ്ഞു. കേന്ദ്ര നയങ്ങള്‍ക്കെതിരെ വിവിധ യുവജന സംഘടനകള്‍ നടത്തുന്ന സമരങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുകയാണ്. കേന്ദ്ര നയങ്ങള്‍ക്ക് എതിരെ ജനുവരി 20ന് ഡിവൈഎഫ്ഐ കേരളത്തില്‍ മനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
നവകേരള സദസ്സിനെതിരെ പ്രതിഷേധം നടത്താൻ യൂത്ത് കോണ്‍ഗ്രസ് കൊട്ടേഷൻ സംഘങ്ങളെ അയക്കുകയാണെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു. അങ്ങനെ വരുമ്ബോള്‍ ജനങ്ങള്‍ക്കും ഡിവൈഎഫ്ഐക്കും രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വരും. ഒരു അപകടം ഉണ്ടാകുമ്ബോള്‍ രക്ഷാപ്രവര്‍ത്തനത്തിനു ഡിവൈഎഫ്ഐ മുന്നില്‍ ഉണ്ടാകും. മാടായിയില്‍ നടന്നത് ജനങ്ങളുടെ പ്രതികരണമാണ്. അതില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഉണ്ട്. ഡിവൈഎഫ്ഐ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടത്തുന്നത് മുൻ കൂട്ടി അറിയിച്ചത് പ്രകാരം. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അങ്ങനെ അല്ല ചെയ്യുന്നത്. കരിങ്കൊടി പ്രതിഷേധം തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തെ കലാപഭൂമി ആക്കാൻ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു.