ഗാസയിൽ കനത്ത പോരാട്ടം നടക്കുകയാണെന്ന് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തെ കനത്ത ബോംബാക്രമണത്തിനൊടുവിൽ ഇസ്രായേൽ സൈന്യം തെക്കൻ ഗാസയിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രസ്തുത റിപ്പോർട്ടുകൾ ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിരുന്നു.
തങ്ങളുടെ സൈന്യം ഖാൻ യൂനിസിന് വടക്ക് സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. “ഞങ്ങൾ വടക്കൻ ഗാസ മുനമ്പിൽ പല്ലും നഖവും ഉപയോഗിച്ചാണ് പോരാടിയത്. തെക്കൻ ഗാസ മുനമ്പിലും ഞങ്ങൾ അതേ രീതി തന്നെയാണ് പ്രയോഗിക്കുന്നത്”- അദ്ദേഹം പറഞ്ഞു. രണ്ട് മാസം നീണ്ടുനിന്ന യുദ്ധത്തിൻ്റെ ആദ്യ ദിവസങ്ങളിൽ, വടക്കൻ ഗാസയിൽ നിന്ന് സിവിലിയന്മാരോട് പ്രദേശം വിട്ടു പോകുവാൻ ഇസ്രായേൽ ഉത്തരവിട്ടിരുന്നു. വടക്കൻ ഗാസ പ്രദേശത്തെ 2.3 ദശലക്ഷം ജനസംഖ്യയിൽ പലരെയും തെക്കൻ ഗാസാ പ്രദേശവാസികൾ ഒറ്റപ്പെടുത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
വടക്കൻ ഗാസയോ തെക്കൻ ഗാസയോ എന്ന ഭേദമില്ലാതെ ഇസ്രായേൽ ഗാസയിൽ ഉടനീളം കര ഓപ്പറേഷൻ നടത്തുകയാണെന്ന് ഐഡിഎഫ് വക്താവ് പിന്നീട് വ്യക്തമാക്കിയിരുന്നു. ഭീകരർക്കെതിരെ നേർക്കുനേർ നിന്നുള്ള പോരാട്ടമാണെന്നാണ് ഇസ്രായേൽ ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചതിന് ശേഷം ഇസ്രായേൽ ഗാസയിൽ വൻ ബോംബാക്രമണം പുനരാരംഭിച്ചിരുന്നു. ഈ ബോംബാക്രമണത്തെ എക്കാലത്തെയും വലിയ ആഘാതമെന്നാണ് ഖാൻ യൂനിസ് നിവാസികൾ വിശേഷിപ്പിച്ചത്.
read also…ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അഴിമതി വിചാരണ പുനരാരംഭിച്ചു
ഖാൻ യൂനിസിലും പരിസരത്തുമുള്ള കൂടുതൽ പ്രദേശങ്ങൾ ഒഴിപ്പിക്കാൻ ഞായറാഴ്ച ഇസ്രായേൽ സൈന്യം ഉത്തരവിട്ടിരുന്നു. ഇവിടങ്ങളിലുള്ള പ്രദേശവാസികളെ തെക്ക് റഫയിലേക്കോ തെക്ക് പടിഞ്ഞാറൻ തീരപ്രദേശത്തേക്കോ മാറാൻ ഉത്തരവിട്ടുകൊണ്ട് ഇസ്രായേൽ സൈന്യം ലഘുലേഖകൾ വിതരണം ചെയ്തതായി പ്രദേശവാസികൾ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രി ഒരു പ്രസംഗത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ‘യുദ്ധത്തിൻ്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ ഞങ്ങൾ യുദ്ധം തുടരുക തന്നെ ചെയ്യുമെന്നും ഗ്രൗണ്ട് ആക്ഷനില്ലാതെ ലക്ഷ്യങ്ങൾ കൈവരിക്കുക അസാധ്യമാണെന്നും വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു