കോഴിക്കോട്; മലബാറിന്റെ ഐ.ടി തലസ്ഥാനമായ കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ കഴിഞ്ഞ മാസം നടന്ന സൈബര്‍ കാര്‍ണിവലില്‍ നിന്ന് ലഭിച്ച തുകയുടെ വിഹിതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് കൈമാറി സൈബര്‍പാര്‍ക്കിലെ ടെക്കികള്‍. സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെയും യു.എല്‍ സൈബര്‍പാര്‍ക്കിലെയും ജീവനക്കാര്‍ക്കായി സഹ്യ ഫുട്ബോള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സൈബര്‍ കാര്‍ണിവലില്‍ ഫ്ളീ മാര്‍ക്കറ്റ്, ഫുഡ് ഫെസ്റ്റിവല്‍, കലാപരിപാടികള്‍, ഡി.ജെ തുടങ്ങിയ വിവിധ പരിപാടികളാണ് നടത്തിയത്.
ഇതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ വിഹിതം കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ സാനിധ്യത്തില്‍ സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക് എച് ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫിസര്‍ അനുശ്രീ എം, യു.എല്‍ സൈബര്‍പാര്‍ക്ക് പ്ലേസ്‌പോര്‍ട്ട്‌സ് ഡയറക്ടര്‍ ഷംനാസ്, സൈബര്‍പാര്‍ക്കിലെ ജീവനക്കാരായ വിഷ്ണു, ആമിര്‍, തന്‍വി, മന്‍സൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഡബ്ല്യു.എച്ച്.ഒ സി.സി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍, ഐ.പി.എം സെക്രട്ടറി സത്യന്‍ കല്ലറംകാട്ടില്‍ എന്നിവര്‍ക്ക് കൈമാറി. ഐ.പി.എമ്മില്‍ താമസിക്കുന്ന രോഗികള്‍ നിര്‍മിച്ച വിവിധ ഉല്‍പ്പന്നങ്ങള്‍ സൈബര്‍കാര്‍ണിവലിലെ ഫ്‌ളീമാര്‍ക്കറ്റില്‍ ഒരുക്കിയ സ്റ്റാളില്‍ വിപണനം നടത്തുകയും ചെയ്തിരുന്നു.