തൃശൂർ: കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ വിശദീകരിക്കാൻ നടത്തുന്ന ‘വികസിത് ഭാരത് സങ്കൽപ് യാത്ര ‘യുടെ എറണാകുളം ജില്ലാതല ഉദ്ഘാടന പൊതുയോഗത്തിൽ സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾക്കെതിരെ രാജ്യത്തെ ബാങ്ക് ഓഫിസർമാരുടെ ഏറ്റവും വലിയ സംഘടനയായ ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന ഘടകം രംഗത്തെത്തി.
കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂനിയനുകൾ മന:പൂർവം മുദ്ര വായ്പ നിഷേധിക്കുകയാണെന്ന് ആരോപിക്കുകയും അപേക്ഷകർക്ക് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടാമെന്ന് നിർദേശിക്കുകയും ചെയ്ത സുരേഷ് ഗോപി , അത്തരം ബാങ്ക് ശാഖകൾക്കെതിരെ പട നയിക്കാനും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തത്
സമൂഹത്തിൽ അരാജകത്വം പടർത്താനും വിദ്വേഷം വളർത്താനും ലക്ഷ്യമിട്ടാണെന്ന് സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ അംഗങ്ങൾക്കുള്ള സർക്കുലറിൽ പറഞ്ഞു. തുടക്കത്തിൽ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് മുദ്ര പദ്ധതിയെക്കുറിച്ചും വായ അനുവദിക്കാൻ ആർ.ബി.ഐയും കേന്ദ്ര സർക്കാരും നിഷ്കർഷിക്കുന്ന വ്യവസ്ഥകളെക്കുറിച്ചും ബോധവത്കരിക്കാനാണ് ആലോചിച്ചത്. എന്നാൽ, എല്ലാ അസംബന്ധങ്ങൾക്കും മറുപടി നൽകി വിവരക്കേട് ആഘോഷമാക്കുന്നത് സമയം പാഴാക്കലാണെന്ന തിരിച്ചറിവിൽ സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾ അർഹിക്കുന്ന അവഗണയോടെ അപലപിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു