മസ്കത്ത്: കുന്തിരിക്ക സീസണിനോടനുബന്ധിച്ച് പൈതൃക വിനോദസഞ്ചാര മന്ത്രാലയം (എം.എച്ച്.ടി) ഇന്നു മുതൽ ദോഫാർ ഗവർണറേറ്റിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, സംഹ്റാം ആർക്കിയോളജിക്കൽ പാർക്ക്, വാദി ഡോക നേച്ചർ റിസർവ് എന്നിവിടങ്ങളിലെ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകളിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. പുരാതന കാലത്ത് കുന്തിരിക്ക ഉൽപന്നങ്ങളും സത്ത്കളും എങ്ങനെ നിർമിച്ചു എന്നതിനെക്കുറിച്ചുള്ള അവതരണം പരിപാടിയിൽ ഉൾപ്പെടുത്തും.
പുരാതന കാലത്തെ ദോഫാർ വഴിയുള്ള കുന്തിരിക്ക കയറ്റുമതിയിലേക്ക് വെളിച്ചം പകരുന്നതായിരിക്കും പരിപാടി. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഫ്രാങ്കിൻസെൻസ് ലാൻഡിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം, മുൻകാലങ്ങളിൽ ലോകത്തിലെ വിവിധ നാഗരികതകളുമായി സാംസ്കാരികവും വാണിജ്യപരവുമായ വിനിമയം സുഗമമാക്കുന്നതിൽ ഫ്രാങ്കിൻസെൻസ് സൈറ്റുകളുടെ ചരിത്രപരമായ സവിശേഷതകളും പരിപാടി പ്രോത്സാഹിപ്പിക്കും.
ഫ്രാങ്കിൻസെൻസ് ലാൻഡ് യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലമാണ്. 2021ലെ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 27,962 പേർ അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കും ഫ്രാങ്കിൻസെൻസ് ലാൻഡ് മ്യൂസിയവും സന്ദർശിച്ചു. 12,916 പേർ സമാഹ്രം പുരാവസ്തു സ്ഥലത്തും എത്തി. ഷിസ്റിലെ ഉബർ പുരാവസ്തു സൈറ്റിൽ എത്തിയത് 2,296 പേരായിരുന്നു. അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, സമാഹ്രം, ഷിസർ, വാദി ദോക്ക എന്നിവ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകൾ എന്ന പേരിലാണ് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു