തൃശൂർ∙ ഹൈക്കോടതി നിർദ്ദേശ പ്രകാരം കേരളവര്‍മ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റീകൗണ്ടിങ്ങില്‍ എസ്എഫ്ഐയ്ക്ക് ജയം. എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധൻ മൂന്നു വോട്ടുകള്‍ക്കു ജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റീകൗണ്ടിങ്ങിൽ കെ.എസ്.അനിരുദ്ധന് 892 വോട്ടും കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടന് 889 വോട്ടും ലഭിച്ചു.
കനത്ത പോലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ. നേരത്തെ, കെ.എസ്. അനിരുദ്ധൻ 10 വോട്ടിനു ജയിച്ചെന്നായിരുന്നു പ്രഖ്യാപനം. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ റീകൗണ്ടിങ്ങിൽ ലീഡ് മൂന്നു വോട്ടായി കുറഞ്ഞു.
യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കെ.എസ്. അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കിയാണ് ഹൈക്കോടതി റീകൗണ്ടിങ് നിർദ്ദേശിച്ചത്. നിയമാവലി അനുസരിച്ച്, വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി.ആർ. രവി നിർദേശം നൽകുകയായിരുന്നു. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടമായ കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. വോട്ടെണ്ണലിൽ മാത്രമാണു തർക്കമെന്നതിനാൽ, വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളിയിരുന്നു. സർവകലാശാല നിയമാവലിയിൽ വോട്ടെണ്ണലിനെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ആദ്യത്തെ വോട്ടെണ്ണലും റീ കൗണ്ടിങ്ങും വ്യവസ്ഥകൾ പ്രകാരമല്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു.
വോട്ടെണ്ണലിന്റെ നടപടിക്രമം പാലിച്ചില്ലെന്നു റിട്ടേണിങ് ഓഫിസർ സമ്മതിച്ചതു കോടതി കണക്കിലെടുത്തു. അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ റിട്ടേണിങ് ഓഫിസർ സാക്ഷ്യപ്പെടുത്തണമെന്നും അവ പ്രത്യേകമായി മാറ്റിവയ്ക്കണമെന്നും നിയമാവലിയിലുണ്ട്. ഇവ പാലിച്ചിട്ടില്ല. എല്ലാ പോസ്റ്റുകളിലെയും വോട്ടുകൾ ഒരു ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തണമെന്നതിനാൽ അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ മാറ്റിവയ്ക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ വാദം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു